വ്യാജമദ്യ ദുരന്തം: 4 പേര്‍ കൊല്ലപ്പെട്ടു; ഒരാളുടെ നില ഗുരുതരം

By Shyma Mohan.13 Mar, 2018

imran-azhar


    ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലയില്‍ വ്യാജ മദ്യം കഴിച്ചതിനെ തുടര്‍ന്ന് നാലുപേര്‍ കൊല്ലപ്പെട്ടു. ഒരാളുടെ നില ഗുരുതരമാണ്. ഡല്‍ഹിക്കടുത്തുള്ള ഗാസിയാബാദിലെ ഖോഡ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ശങ്കര്‍ വിഹാര്‍ കോളനിയിലാണ് വ്യാജ മദ്യ ദുരന്തമുണ്ടായത്. അഞ്ചുപേര്‍ ചേര്‍ന്ന് ഒരു കടയില്‍ നിന്ന് വാങ്ങിയ പാര്‍ട്ടി സ്‌പെഷ്യല്‍ ക്രേസി റോമിയോ എന്ന പേരിലുള്ള മദ്യമാണ് അപകടം വരുത്തി വെച്ചത്. മദ്യപിച്ച ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അഞ്ചുപേരെയും ഡല്‍ഹിയിലെ ലോക്‌നായക് ജയ്പ്രകാശ് നാരായണ്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും മൂന്നുപേര്‍ ആശുപത്രിയിലേക്ക് വഴിമധ്യേ മരണമടഞ്ഞു. രണ്ടുപേരില്‍ ഒരാള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ മരണമടഞ്ഞു. മറ്റൊരാളുടെ നില ഗുരുതരമായി തുടരുകയാണ്. കുറ്റക്കാര്‍ക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഖോഡ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ധ്രുവ് ദൂബേയെ സസ്‌പെന്റ് ചെയ്തു.

OTHER SECTIONS