ഇംപീച്ച്‌മെന്റ് നോട്ടീസ് നിരസിച്ചാല്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ്

By Shyma Mohan.22 Apr, 2018

imran-azhar


    ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം പുത്തന്‍ വഴിത്തിരിവിലേക്ക്. രാജ്യസഭാ ചെയര്‍മാന്‍ എം.വെങ്കയ്യ നായിഡുവിന് നല്‍കിയ ഇംപീച്ച്‌മെന്റ് നോട്ടീസിന് പ്രതികരണം ഇതുവരെ ലഭിക്കാത്ത സാഹചര്യത്തിലും നോട്ടീസ് ചെയര്‍മാന്‍ നിരസിച്ചാല്‍ സുപ്രീം കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ നീക്കം. ഇംപീച്ച്‌മെന്റ് നോട്ടീസിന് മതിയായ കാരണങ്ങള്‍ ചെയര്‍മാന്‍ കണ്ടില്ലെങ്കില്‍ അത് തള്ളിക്കളയാനുള്ള സാധ്യതക്ക് മറുമരുന്നായിട്ടാണ് കോണ്‍ഗ്രസ് നേതാക്കളുടെ നീക്കം.
    ചീഫ് ജസ്റ്റിസിന് മുകളില്‍ ധാര്‍മ്മികമായ സമ്മര്‍ദ്ദം ചെലുത്താനും ഇതുവഴി പാര്‍ട്ടി ലക്ഷ്യമിടുന്നു. സമ്മര്‍ദ്ദം ചെലുത്തിയാല്‍ ജസ്റ്റിസ് ദീപക് മിശ്ര രാജി വെക്കുമെന്നാണ് പാര്‍ട്ടിയുടെ നിഗമനം. നേരത്തെ ഇംപീച്ച്‌മെന്റ് നടപടികള്‍ പരിഗണിച്ചപ്പോള്‍ ജസ്റ്റിസുമാര്‍ രാജി വെച്ച ചരിത്രം ഉണ്ടായിട്ടുണ്ടെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. 64 എം.പിമാരും 7 മുന്‍ എംപിമാരും ഒപ്പിട്ട ഇംപീച്ച്‌മെന്റ് നോട്ടീസാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടി എംപിമാര്‍ വെങ്കയ്യ നായിഡുവിന് നല്‍കിയത്. ഇംപീച്ച്‌മെന്റ് നോട്ടീസിന് മേല്‍ നടപടിയെടുക്കുന്നതിന് സമയപരിധിയൊന്നും ചട്ടങ്ങളില്‍ രേഖപ്പെടുത്തിയിട്ടില്ലാത്തതാണ് നോട്ടീസില്‍ ഒപ്പിട്ട പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.