സ്വാതന്ത്ര്യ ദിനാഘോഷം: മമതയും ജാവേദ്കറും ഇടയുന്നു

By Shyma Mohan.13 Aug, 2017

imran-azhar


    ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം ഈ വര്‍ഷത്തെ സ്വാതന്ത്യദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുക അസാധ്യമെന്ന് വ്യക്തമാക്കിയ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്കര്‍. പ്രധാനമന്ത്രിയുടെ പുതിയ ഇന്ത്യ എന്ന കാഴ്ചപ്പാടിന് പൊതുജന പിന്തുണ ലഭ്യമാകുന്ന വിധത്തില്‍ ദേശഭക്തി പ്രകടിപ്പിക്കുന്ന തരത്തിലുള്ള സ്വാതന്ത്ര്യദിന പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെടുകയുണ്ടായി. ഇതുസംബന്ധിച്ചുള്ള നിര്‍ദ്ദേശം പ്രകാശ് ജാവേദ്കറിന്റെ ചുമതലയുള്ള മാനവവിഭവ ശേഷി മന്ത്രാലയമാണ് നല്‍കിയിരുന്നത്.
    നിര്‍ദ്ദേശം പാലിക്കാന്‍ കഴിയില്ലെന്ന് കാണിച്ച് മമത ബാനര്‍ജി മന്ത്രാലയത്തിന് കത്തയച്ചതോടെയാണ് ജാവേദ്കര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. സെക്യുലര്‍ അജണ്ടയുടെയും രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച സൈനികരെയും അനുസ്മരിക്കാനുള്ള മോദിയുടെ സങ്കല്‍പ സിദ്ധി പദ്ധതിയുടെ ഭാഗമായാണ് കേന്ദ്ര നിര്‍ദ്ദേശം. എല്ലാ പൗരന്‍മാരുടെയും പങ്കാളിത്തത്തോടെ രാജ്യത്തിന്റെ 70ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനും ദാരിദ്ര്യം, അഴിമതി, വര്‍ഗ്ഗീയത, ജാതീയത, ഭീകരവാദം എന്നിവയില്‍ നിന്ന് മുക്തമായ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിനു വേണ്ടിയാണ് സംസ്ഥാനങ്ങള്‍ക്ക് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കുന്നതിനെക്കുറിച്ച് നിര്‍ദ്ദേശം നല്‍കിയത്.
    ഓഗസ്റ്റ് 9 മുതല്‍ 30 വരെയുള്ള കാലയളവില്‍ പരിപാടികള്‍ സംഘടിപ്പിക്കാനായിരുന്നു മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി മനീഷ് ഗാര്‍ഗ് അടിച്ച സര്‍ക്കുലറിലെ നിര്‍ദ്ദേശം. എന്നാല്‍ സര്‍ക്കുലര്‍ പ്രകാരം സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രത്തെ മമത ബാനര്‍ജി സര്‍ക്കാര്‍ അറിയിച്ചു. മാത്രമല്ല, സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ അവസാനിപ്പിക്കാനും മമത സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കത്തിലെ ഭാഷ അപ്രതീക്ഷിതമാണെന്നും രാഷ്ട്രീയ പാര്‍ട്ടിയുടെ അജണ്ടയല്ല സ്വാതന്ത്ര്യദിനാഘോഷങ്ങളിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്കര്‍ പറഞ്ഞു.


OTHER SECTIONS