സാമ്പത്തിക വളര്‍ച്ച: ഫ്രാന്‍സിനെ പിന്തള്ളി ഇന്ത്യ ലോകത്തെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥ

By Shyma Mohan.11 Jul, 2018

imran-azhar


    പാരീസ്: ഫ്രാന്‍സിനെ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളി ഇന്ത്യ ലോകത്തെ ആറാമത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായെന്ന് ലോക ബാങ്ക്. ലോക ബാങ്കിന്റെ 2017ലെ കണക്കുകള്‍ പ്രകാരമാണ് ഇന്ത്യ സാമ്പത്തിക രംഗത്ത് വന്‍ കുതിപ്പ് നടത്തിയതായി ലോക ബാങ്ക് കണ്ടെത്തിയിരിക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ തുടര്‍ന്ന് നിരവധി മേഖലകളില്‍ സാമ്പത്തിക മാന്ദ്യം ഉണ്ടായ ഇന്ത്യ 2017 ജൂലൈ മുതല്‍ സാമ്പത്തിക രംഗത്ത് വന്‍ കുതിച്ചുചാട്ടം നടത്തിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 2016 നവംബറില്‍ കൊണ്ടുവന്ന നോട്ടുനിരോധനവും സങ്കീര്‍ണ്ണമായ ചരക്കുസേവന നികുതി കൊണ്ടുവരലും ഇന്ത്യയുടെ സാമ്പത്തിക മേഖലക്ക് കനത്ത തിരിച്ചടി നല്‍കിയിരുന്നുവെന്നും ലോക ബാങ്ക് വിലയിരുത്തി. ഐഎംഎഫിന്റെ കണക്കനുസരിച്ച് ഇന്ത്യ ഈ വര്‍ഷം 7.4 ശതമാനം വളര്‍ച്ചാനിരക്ക് കൈവരിക്കുമെന്നും 2019ല്‍ അത് 7.8 ശതമാനമായി ഉയരുമെന്നുമാണ് സൂചിപ്പിക്കുന്നത്. യുഎസ്, ചൈന, ജപ്പാന്‍, ജര്‍മ്മനി, ബ്രിട്ടന്‍ എന്നിവയാണ് ലോകത്തിലെ മുന്‍നിരയിലുള്ള സമ്പദ് വ്യവസ്ഥകള്‍. ആ പട്ടികയിലേക്കാണ് ഇപ്പോള്‍ ഇന്ത്യ ആറാം സ്ഥാനവുമായി ഇടം പിടിച്ചിരിക്കുന്നത്.