ശ്രീലങ്കയിലേക്ക് വിസ അനുവദിക്കുന്നില്ല; അനാവശ്യ പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് ഇന്ത്യൻ ഹെെ കമ്മീഷൻ

By santhisenanhs.14 05 2022

imran-azhar

 

ഡൽഹി: ശ്രീലങ്കയിലേക്കുള്ള വിസ അനുവദിക്കുന്നില്ലെന്നത് അനാവശ്യ പ്രചരണമാണെന്നും അത് ഒഴിവാക്കണമെന്നും വ്യക്തമാക്കി ഇന്ത്യൻ ഹെെ കമ്മീഷൻ. ഇന്ത്യൻ കോൺസുലേറ്റ് ജനറലോ, അസിസ്റ്റന്റ് ഹെെ കമ്മീഷനോ ശ്രീലങ്കയിലോട്ടുള്ള വിസ അനുവദിക്കുന്നില്ല എന്നായിരുന്നു ആരോപണമെന്നും എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ വിസ വിങ് സ്റ്റാഫുകളുടെ അപര്യാപ്തതകൊണ്ട് പ്രവർത്തനങ്ങളിൽ വീഴ്ച സംഭവിച്ചതായും ഇന്ത്യൻ ഹെെ കമ്മീഷൻ ട്വിറ്ററിലൂടെ അറിയിച്ചു.

 

ഹെെ കമ്മീഷനിൽ ജോലിയെടുക്കുന്നവരിൽ ഭൂരിഭാഗവും ശ്രീലങ്കയിൽ നിന്നുള്ള പ്രാദേശികരാണെന്നും അവർക്ക് ഓഫീസിൽ എത്തുന്നതിൽ വന്ന ബുദ്ധിമുട്ടാണ് ഈ കാലതാമസത്തിന് കാരണമെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു.

 

പ്രവർത്തനം പഴയ നിലയിലേക്ക് എത്തിക്കാൻ ശ്രമിച്ചുവരികയാണെന്നും ശ്രീലങ്കക്കാരുടെ ഇന്ത്യയിലോട്ടുള്ള യാത്രയിൽ കമ്മീഷൻ പ്രതിജ്ഞാബദ്ധമാണെന്നും വ്യക്തമാക്കി. അതേസമയം പുതുതായി പ്രധാനമന്ത്രി പദത്തിലെത്തിയ റെനിൽ വിക്രമസിംഗെ ശ്രീലങ്കയിലെ ജനങ്ങളുടെ ക്ഷേമത്തിനും, ജനാധിപത്യ പ്രക്രിയകളിലൂടെയുള്ള സാമ്പത്തിക വീണ്ടെടുക്കലിനും ഇന്ത്യയുടെ പിന്തുണ ഉറപ്പിച്ചിരുന്നതായി ശ്രീലങ്കയിലുളള ഇന്ത്യൻ സ്ഥാനപതി ഗോപാൽ ബാഗ്ലയ് അറിയിച്ചു. ഈ കൂടിക്കാഴ്ചയിൽ അമേരിക്ക, ചെെന, ജപ്പാൻ എന്നീ രാജ്യങ്ങളുടെ സ്ഥാനപതികളും പങ്കെടുത്തിരുന്നു.

 

മുന്നണിക്കകത്ത് തന്നെ നിരവധി ആഭ്യന്തര പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ സ്ഥാനപതികളുമായുള്ള കൂടിക്കാഴ്ചയും പിന്തുണ തേടലും. ഇതിനു പിന്നോടിയായി ജപ്പാൻ സ്ഥാനപതി ശ്രീലങ്കയിലെ അവസ്ഥകൾ സർക്കാരിനോട് നേരിട്ട് ബോധ്യപ്പെടുത്താനും ചർച്ച ചെയ്യാനുമായി ഇന്ന് ടോകിയോയിലേക്ക് തിരിക്കും.

 

 

OTHER SECTIONS