ഇന്ത്യ സൃഷ്ടിക്കുന്നത് എഞ്ചിനീയര്‍മാരെ; പാകിസ്ഥാന്‍ തീവ്രവാദികളെയും: സുഷമ സ്വരാജ്

By Shyma Mohan.23 Sep, 2017

imran-azhar


    ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ 72ാമത് ജനറല്‍ അസംബ്ലിയില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യയുടെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇന്ത്യ എഞ്ചിനീയര്‍മാരെ സൃഷ്ടിക്കുമ്പോള്‍ പാകിസ്ഥാന്‍ തീവ്രവാദികളെയാണ് സൃഷ്ടിക്കുന്നതെന്ന് സുഷമ സ്വരാജ് പറഞ്ഞു.
    സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റയുടനെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്ഥാന് ശാന്തിയും സൗഹൃദവും വാഗ്ദാനം നല്‍കിയെങ്കിലും പാകിസ്ഥാന്‍ അത് തള്ളിക്കളയുകയായിരുന്നുവെന്നും അതിന് കാരണമെന്തെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി മറുപടി പറയണമെന്നും സുഷമ സ്വരാജ് പറഞ്ഞു. വസ്തുതകളെ മറക്കുന്നതില്‍ പാകിസ്ഥാന്‍ നേതൃത്വം മുന്‍പന്തിയിലാണെന്നും സുഷമ ആരോപിച്ചു.
    സ്വയം പരിശോധന നടത്തുകയാണ് പാകിസ്ഥാന്റെ രാഷ്ട്രീയ നേതൃത്വം ചെയ്യേണ്ടത്. ദാരിദ്ര്യത്തിനെതിരെ പൊരുതുന്നതിലാണ് ഇന്ത്യ ഏര്‍പ്പെട്ടിരിക്കുന്നതെന്നും എന്നാല്‍ ഇന്ത്യക്കെതിരെ പൊരുതുന്നതിലാണ് പാകിസ്ഥാന്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും സുഷമ സ്വരാജ് ആരോപിച്ചു. രാജ്യത്തെ ദരിദ്രരുടെ ഉന്നമനത്തെ ലക്ഷ്യമിട്ടാണ് ഇന്ത്യയുടെ പദ്ധതികളെല്ലാം. സ്ഥായിയായ വികസനത്തിനുവേണ്ടി കടുത്ത തീരുമാനങ്ങളെടുക്കാന്‍ ധൈര്യം കാണിച്ച നേതൃത്വമാണ് ഇന്ത്യക്കുള്ളതെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
    തീവ്രവാദം, കാലാവസ്ഥാ വ്യതിയാനം, തൊഴിലില്ലായ്മ, അണവ വ്യാപനം, സൈബര്‍ സുരക്ഷ തുടങ്ങിയ വിഷയങ്ങള്‍ സുഷമയുടെ പ്രസംഗത്തില്‍ പരാമര്‍ശമായി.


OTHER SECTIONS