ചുവപ്പുനാട നീക്കി ചുവപ്പ് പരവതാനി വിരിച്ച് ഇന്ത്യ: മോദി

By Shyma Mohan.23 Jan, 2018

imran-azhar


    ദാവോസ്: ഇന്ത്യന്‍ സര്‍ക്കാര്‍ നിക്ഷേപകര്‍ക്കായി ചുവപ്പുനാട നീക്കം ചെയ്ത് ചുവപ്പു പരവതാനി വിരിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വിറ്റ്‌സര്‍ലാന്റിലെ ദാവോസില്‍ നടക്കുന്ന വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
    52 മിനിറ്റ് നീണ്ട ഹിന്ദിയിലുള്ള പ്രസംഗത്തില്‍ തീവ്രവാദവും കാലാവസ്ഥാ വ്യതിയാനവും ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണികളാണെന്ന് മോദി പറഞ്ഞു. നല്ല തീവ്രവാദവും മോശം തീവ്രവാദവും എന്ന കൃത്രിമമായ വേര്‍തിരിവുകള്‍ അപകടകരമാണെന്നും മോദി യോഗത്തില്‍ ഓര്‍മ്മപ്പെടുത്തി. തീവ്രവാദത്തെക്കുറിച്ച് ഇന്ത്യയുടെ നിലപാട് വ്യക്തമാണെന്നും അതിനെപ്പറ്റി കൂടുതല്‍ വിശദീകരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. സമാധാനവും സുരക്ഷയും സുസ്ഥിരതയും ആഗോള വെല്ലുവിളികളായി മാറിയിരിക്കുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
    ആധുനിക യുഗത്തിലെ സമ്പത്ത് ഡാറ്റയാണെന്നും സാങ്കേതിക വിദ്യയുടെ പ്രാധാന്യത്തെ അടിവരയിട്ട് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ആഗോളതലത്തില്‍ ഡാറ്റയുടെ ഒഴുക്ക് കൂടുതല്‍ അവസരങ്ങളും അതുപോലെ വെല്ലുവിളികളും ഉയര്‍ത്തുന്നതായി പ്രധാനമന്ത്രി പറഞ്ഞു.
    1997ലെയും 2018ലെയും വേള്‍ഡ് എക്കണോമിക് ഫോറം യോഗങ്ങളെ മോദി താരതമ്യം ചെയ്തു. 1997ല്‍ പ്രധാനമന്ത്രി ദേവഗൗഡ പങ്കെടുത്തപ്പോള്‍ ഇന്ത്യയുടെ ജിഡിപി കേവലം 400 ബില്യന്‍ ഡോളര്‍ മാത്രമായിരുന്നെന്നും ഇന്ന് അത് ആറിരട്ടിയായി ഉയര്‍ന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. അന്ന് യൂറോ ഉണ്ടായിരുന്നില്ലെന്നും വളരെ കുറച്ചുപേര്‍ക്ക് മാത്രമേ ഒസാമ ബിന്‍ ലാദനെക്കുറിച്ച് അറിയാമായിരുന്നുള്ളൂ എന്നും മോദി പറഞ്ഞു. ആമസോണിനെക്കുറിച്ച് ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്താല്‍ നദികളും കാടുകളും മാത്രമേ വരുമായിരുന്നുള്ളൂ എന്നും ട്വീറ്റിംഗ് എന്നത് പക്ഷികളുടെ മാത്രം പണിയായിരുന്നുവെന്നും മോദി പറഞ്ഞു.


   

OTHER SECTIONS