ഓസീസിനെതിരെ ഇന്ത്യക്ക് അനായാസ ജയം, പരമ്പര; കോലി പ്ലേയർ ഓഫ് ദി സീരീസ്

By Sooraj Surendran .20 01 2020

imran-azhar

 

 

ബംഗളുരു: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. പരമ്പരയിലെ അവസാന മത്സരത്തിൽ 7 വിക്കറ്റുകൾക്കാണ് ഇന്ത്യ ജയിച്ചത്. ഓസീസ് ഉയർത്തിയ 287 റൺസ് വിജയലക്ഷ്യം 47.3 ഓവറിലാണ് ഇന്ത്യ മറികടന്നത്. 128 പന്തിൽ 8 ബൗണ്ടറിയും, 6 സിക്സറുമുൾപ്പെടെ 119 റൺസ് നേടിയ രോഹിത് ശർമ്മയുടെ തകർപ്പൻ പ്രകടനമാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. രോഹിത്തിന് പുറമെ 91 പന്തിൽ 8 ബൗണ്ടറിയടക്കം 89 റൺസ് നേടിയ വിരാട് കോലിയും, 35 പന്തിൽ 6 ബൗണ്ടറിയും 1 സിക്സറുമടക്കം 44 റൺസ് നേടിയ ശ്രേയസ് അയ്യറും ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. ഓസീസിനായി ജോഷ് ഹേസൽവുഡ്, ആഷ്ടൺ അഗർ, ആദം സാംബ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

 

മത്സരത്തിൽ ടോസ് നേടിയ ഓസീസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയുടെ തകർപ്പൻ പ്രകടനമാണ് ഓസീസിന്റെ സ്‌കോർ 286 റൺസിൽ പ്രതിരോധിച്ചത്. ഓസീസിനായി 132 പന്തിൽ 14 ബൗണ്ടറിയും ഒരു സിക്സുമടക്കം 131 റൺസ് നേടിയ സ്റ്റീവ് സ്മിത്താണ് ഓസീസിന് പൊരുതാവുന്ന സ്‌കോർ സമ്മാനിച്ചത്. സ്മിത്തിന് മികച്ച പിന്തുണയേകി മാർനസ് ലബുഷെയിൻ 64 പന്തിൽ 5 ബൗണ്ടറിയടക്കം 54 റൺസ് നേടി. ഷമിയുടെ പന്തിൽ ശ്രേയസ് അയ്യർ എടുത്ത ക്യാച്ചിലൂടെയാണ് സ്മിത്ത് പുറത്തായത്. ലെഫ്റ് ആം ഓഫ് സ്പിന്നർ രവീന്ദ്ര ജഡേജയുടെ പന്തിലാണ് ലബുഷെയിൻ പുറത്തായത്. നവദീപ് സെയ്നിയും, ലെഗ് സ്പിന്നർ കുൽദീപ് യാദവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ജഡേജ 2 വിക്കറ്റുകളും നേടി.

 

OTHER SECTIONS