By സൂരജ് സുരേന്ദ്രൻ .06 03 2021
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. ഇന്നിങ്സിനും 25 റണ്‍സിനുമാണ് ഇന്ത്യ ഇംഗ്ലണ്ടിനെ കീഴടക്കിയത്. നാലുമത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3-1 ന് സ്വന്തമാക്കി. ഈ വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിന് ഇന്ത്യ യോഗ്യത നേടി. സ്കോര്‍ ഇംഗ്ലണ്ട്: 205, 135 ഇന്ത്യ: 365
ആദ്യ ദിനം ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് 205ന് പുറത്തായിരുന്നു. ഋഷഭ് പന്തിന്റെ സെഞ്ചുറിയുടെയും വാഷിങ്ടണ്‍ സുന്ദറിന്റെ അര്‍ധസെഞ്ചുറിയുടേയും മികവില്‍ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 160 റൺസിന്റെ ലീഡ് കെട്ടിപ്പടുത്തു.
എന്നാൽ രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് തൊട്ടതെല്ലാം പിഴച്ചു. രവിചന്ദ്രൻ അശ്വിന്റെയും, അക്ഷർ പട്ടേലിന്റെയും അഞ്ച് വിക്കറ്റ് പ്രകടനത്തിന് മുന്നിൽ ഇംഗ്ലണ്ടിന് അധിക നേരം പിടിച്ചുനിൽക്കാനായില്ല.
135 റൺസിൽ ഇംഗ്ലണ്ടിന്റെ പ്രയാണം അവസാനിച്ചു. നായകൻ ജോ റൂട്ടിനെയും (30) ഒലി പോപ്പിനെയും (15) അടുത്തടുത്ത പന്തുകളിൽ പുറത്താക്കി അശ്വിനും അക്ഷറും ഇംഗ്ലണ്ടിനെ തകർച്ചയിലേക്ക് തള്ളിയിച്ചു. 25-ാം ഓവറിലെ അവസാന പന്തിൽ പോപ്പിനെ അക്ഷർ മടക്കിയപ്പോൾ 26-ാം ഓവറിലെ ആദ്യ പന്തിൽ റൂട്ടിനെ അശ്വിൻ മടക്കി.
നേരത്തേ മൂന്നുറൺസെടുത്ത ഓപ്പണർ ഡോം സിബ്ലിയെയും അക്ഷർ പുറത്താക്കിയിരുന്നുസ്വീപ് ഷോട്ടിന് ശ്രമിച്ച സിബ്ലിയുടെ ഷോട്ട് ശുഭ്മാന്‍ ഗില്ലിന്റെ കാലില്‍ തട്ടി പൊന്തി. ഇത് ഋഷഭ് പന്ത് പിടിച്ചെടുത്തു.
അഞ്ചാം ഓവറിന്റെ നാലാം പന്തില്‍ സാക് ക്രോളിയെയും (5) അഞ്ചാം പന്തില്‍ ജോണി ബെയര്‍സ്റ്റോയെയും (0) പുറത്താക്കി അശ്വിൻ ഇന്ത്യയ്ക്ക് സ്വപ്നത്തുടക്കം സമ്മാനിച്ചിരുന്നു.
ഇംഗ്ലണ്ടിന്റെ പരാജയം ഓസ്ട്രേലിയക്കും തിരിച്ചടിയായി. ഇംഗ്ലണ്ട് ജയിച്ചാലേ ഓസ്ട്രേലിയയ്ക്ക് ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനു യോഗ്യത നേടാനാവുമായിരുന്നുള്ളു. ഇതോടെ ഓസ്ട്രേലിയയുടെ ഫൈനലിലേക്കുള്ള യോഗ്യതയും നഷ്ടമായി.