പാലസ്തീനില്‍ ചരിത്ര സന്ദര്‍ശനം നടത്തിയ മോദിക്ക് പരമോന്നത ബഹുമതിയായ ഗ്രാന്റ് കോളര്‍

By Shyma Mohan.10 Feb, 2018

imran-azhar


    ഗാസ: പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി പാലസ്തീനില്‍ എത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാലസ്തീന്റെ പരമോന്നത ബഹുമതിയായ ഗ്രാന്റ് കോളര്‍ നല്‍കി ആദരിച്ചു. പാലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസാണ് മോദിക്ക് ബഹുമതി നല്‍കി ആദരിച്ചത്. ഒരു വിദേശിക്ക് പാലസ്തീന്‍ നല്‍കുന്ന പരമോന്നത ബഹുമതിയാണ് ഗ്രാന്റ് കോളര്‍. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്, ചൈനീസ് പ്രസിഡന്റ് ക്‌സി ജിന്‍പിംഗ്, ബഹ്‌റിന്റെ ഹമദ് രാജാവ് തുടങ്ങിയവര്‍ക്കാണ് ഇതിനുമുന്‍പ് പാലസ്തീന്‍ ഗ്രാന്റ് കോളര്‍ പുരസ്‌കാരം നല്‍കിയിട്ടുള്ളത്. പ്രസിഡന്റ് അബ്ബാസുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചകള്‍ക്കു ശേഷമാണ് പാലസ്തീന്‍ പ്രസിഡന്റ് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ബഹുമതി സമ്മാനിച്ചത്. പ്രധാനമന്ത്രി മോദിയുടെ ബൗദ്ധിക നേതൃത്വത്തിനും അന്താരാഷ്ട്ര വ്യക്തിത്വത്തിനും പാലസ്തീനും ഇന്ത്യയുമായുള്ള ചരിത്രബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രധാനമന്ത്രിയുടെ ശ്രമങ്ങള്‍ക്കും അംഗീകാരവും മേഖലയില്‍ ശാന്തി കൈവരിക്കുന്നതിനും പാലസ്തീന്‍ ജനതയുടെ സ്വാതന്ത്ര്യത്തിനുമുള്ള മോദിയുടെ പിന്തുണക്കുമുള്ള അംഗീകാരമായിട്ടാണ് ബഹുമതി നല്‍കിയിട്ടുള്ളത്. ഇന്ന് രാവിലെയാണ് മോദി പാലസ്തീനിലെ റാമള്ളയില്‍ എത്തിയത്. ജോര്‍ദാന്റെ ആര്‍മി ഹെലികോപ്ടറിലാണ് അമ്മാനില്‍ നിന്നും റാമള്ളയില്‍ മോദി എത്തിച്ചേര്‍ന്നത്. പാലസ്തീന്‍ പ്രധാനമന്ത്രി റാമി ഹംദുള്ള മോദിയെ സ്വീകരിച്ചു.


OTHER SECTIONS