സന്യാസിയായ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആസ്തിപട്ടിക: റിവോള്‍വര്‍, 71 ലക്ഷം രൂപ

By Shyma Mohan.21 Mar, 2017

imran-azhar


    ലക്‌നൗ: 15 ദിവസത്തിനകം സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് എല്ലാ മന്ത്രിമാരോടും ആവശ്യപ്പെട്ട ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വത്തുവിവരങ്ങള്‍ ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നത്.    
    ഉത്തര്‍പ്രദേശിലെ ഖൊരക്പൂരില്‍ നിന്നും 1998ല്‍ 26ാമത്തെ വയസില്‍ ഏറ്റവും പ്രായം കുറഞ്ഞ സാമാജികനായിട്ടാണ് ലോക്‌സഭയിലേക്ക് ആദിത്യനാഥ് തിരഞ്ഞെടുക്കപ്പെടുന്നത്. തുടര്‍ന്ന് 2014ല്‍ അടക്കം നാലുവട്ടം തുടര്‍ച്ചയായി പാര്‍ലമെന്റിലേക്ക് ആദിത്യനാഥ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 44കാരനും പുരോഹിതനുമായ യോഗി ആദിത്യനാഥിന് സംസ്ഥാനത്ത് വന്‍ പിന്തുണയാണുള്ളത്. ഏറ്റവുമധികം രാഷ്ട്രീയ പ്രാധാന്യം അര്‍ഹിക്കുന്നതും രാജ്യത്തെ ഏറ്റവുമധികം ജനങ്ങളുമുള്ള ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രിയായി ആദിത്യനാഥ് തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ പുത്തന്‍ ഏടിലേക്കാണ് ഇപ്പോള്‍ കയറിയിരിക്കുന്നത്.
    2004ല്‍ 9.6 ലക്ഷം രൂപ ആസ്തിയുണ്ടായിരുന്ന ആദിത്യനാഥിന് 2014ല്‍ 71 ലക്ഷം രൂപയായി വര്‍ദ്ധിച്ചു. 639 ശതമാനം വര്‍ദ്ധനവാണ് ആദിത്യനാഥിന്റെ സ്വത്തില്‍ ഉണ്ടായിരിക്കുന്നത്. പാര്‍ലമെന്റിലെ മറ്റ് നിരവധി അംഗങ്ങളുടെയും സ്വത്തില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ടെങ്കിലും മത പുരോഹിതനും സാമൂഹ്യ പ്രവര്‍ത്തകനുമായ ആദിത്യനാഥിന്റെ ആസ്തിയില്‍ ഉണ്ടായിരിക്കുന്ന വര്‍ദ്ധനവ് ശ്രദ്ധേയം തന്നെ. 2004ല്‍ 6.62 ലക്ഷം രൂപയുടെ ബാങ്ക് ബാലന്‍സാണ് ആദിത്യനാഥിനുണ്ടായിരുന്നത്. ഇതില്‍ 2 ലക്ഷം രൂപയുടെ ഫിക്‌സഡ് ഡെപ്പോസിറ്റും 50000 രൂപയുടെ സേവിംഗ്‌സ് ബോണ്ടും ഉള്‍പ്പെടുന്നു. കൂടാതെ ഒരു ടൊയോട്ട ക്വാളിസും ടാറ്റ സഫാരിയും മാരുതി എസ്റ്റീമും ഉള്ളതായി ആദിത്യനാഥ് വെളിപ്പെടുത്തിയിരുന്നു. യാതൊരുവിധ ആഭരണങ്ങളും കൈവശമില്ലെന്ന് വെളിപ്പെടുത്തല്‍ നടത്തുകയും എന്നാല്‍ തന്റെ കൈവശം 30000 രൂപ വില മതിക്കുന്ന ഒരു തോക്കും റിവോള്‍വറും തോക്കും ഉണ്ടെന്ന് 2004ല്‍ വെളിപ്പെടുത്തിയിരുന്നു.
    അഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം 2009ല്‍ ആയുധങ്ങളുടെ മൂല്യം 180000 രൂപയായി വര്‍ദ്ധിച്ചു. കൂടാതെ ആദിത്യനാഥിന്റെ വസ്തുവകകള്‍ 127 ശതമാനം ഉയര്‍ന്നു. മൂന്ന് ബാങ്കുകളിലായി 6 ലക്ഷം രൂപയുടെ സേവിംഗ്‌സ് ബോണ്ടുകളും പോസ്റ്റല്‍ നിക്ഷേപവും 23000 രൂപയുടെ രണ്ട് ആഭരണങ്ങളും ഉള്ളതായി വെളിപ്പെടുത്തി. നിലവില്‍ രണ്ട് ടാറ്റ സഫാരിയും ഒരു ഫോര്‍ഡ് ഐക്കണും ഉള്‍പ്പെടെ മൂന്ന് കാറുകളാണ് ആദിത്യനാഥിനുള്ളത്.
    2014ല്‍ ആദിത്യനാഥ് നടത്തിയ വെളിപ്പെടുത്തല്‍ അനുസരിച്ച് തന്റെ സ്വത്തുവകകളില്‍ 225 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഏതാനും അലവന്‍സുകള്‍ ഉള്‍പ്പെടെ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് പ്രതിമാസ ശമ്പളമായി 50000 രൂപ ലഭിക്കുമ്പോഴാണ് സന്യാസിയായ ആദിത്യനാഥിന്റെ ആസ്തിയില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. 2014ല്‍ തിരഞ്ഞെടുപ്പ് കമ്മീഷനു മുന്‍പാകെ നടത്തിയ വെളിപ്പെടുത്തല്‍ അനുസരിച്ച് ആദിത്യനാഥിന്റെ സ്വത്തില്‍ വര്‍ദ്ധനവുണ്ടായി. മുന്‍കാലങ്ങളില്‍ യാതൊരുവിധ മൂല്യവും നല്‍കിയിട്ടില്ലാതിരുന്ന ടാറ്റ സഫാരിയും ഇന്നോവയും ഫോര്‍ച്യൂണറും അടക്കമുള്ള മൂന്ന് കാറുകള്‍ക്ക് 36 ലക്ഷം രൂപയുടെ മൂല്യമാണ് നല്‍കിയിട്ടുള്ളത്. കൂടാതെ 18000 രൂപയുടെ ഒരു സ്മാര്‍ട്ട്‌ഫോണും 2000 രൂപയുടെ ഒരു വാച്ചും കൈവശമുള്ളതായി ആദിത്യനാഥ് വെളിപ്പെടുത്തിയിരുന്നു. പിന്നീട് ആസ്തിയില്‍ വര്‍ദ്ധനവുണ്ടായെങ്കിലും ഒരു ജോഡി റെയ്ബന്‍ കണ്ണടയാണ് എടുത്തുപറഞ്ഞിട്ടുള്ളത്.


OTHER SECTIONS