അഴിമതിക്കാരായ രാഷ്ട്രീയക്കാരെ ഒറ്റപ്പെടുത്തുക: മോദി

By Shyma Mohan.16 Jul, 2017

imran-azhar


    ന്യൂഡല്‍ഹി: അഴിമതിക്കാര്‍ക്കെതിരെ സര്‍ക്കാര്‍ എടുക്കുന്ന നടപടിയെ രാഷ്ട്രീയ ഗൂഢാലോചനയെന്ന് ആക്ഷേപം ഉന്നയിക്കുന്നവര്‍ക്കെതിരെ ഒരുമിച്ചു നില്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെയും ലാലു പ്രസാദ് യാദവിന്റെ ആര്‍.ജെ.ഡിക്കെതിരെയും ഉയര്‍ന്നുവന്ന അഴിമതിയാരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് മോദി ഇന്ന് പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായി നടന്ന സര്‍വ്വകക്ഷിയോഗത്തില്‍ സംസാരിക്കവേ ഇപ്രകാരം അഭിപ്രായപ്പെട്ടത്.
    അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ക്കെതിരെയുള്ള നടപടി അത്യാവശ്യമാണെന്ന് മോദി പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും രാജ്യത്തെ കൊള്ളയടിക്കുന്നവര്‍ക്കെതിരെ ഒരുമിച്ചു നില്‍ക്കേണ്ടത് അത്യാവശ്യമാണെന്നും മോദി പറഞ്ഞു. പൊതുജീവിതത്തില്‍ സത്യസന്ധത പുലര്‍ത്തണമെന്നും അഴിമതി നടത്തുന്ന നേതാക്കളെ ഓരോ പാര്‍ട്ടിയും കണ്ടെത്തുകയും അവരില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും മോദി പറഞ്ഞു. കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി ഏതാനും രാഷ്ട്രീയക്കാരുടെ സ്വഭാവം മൂലം രാഷ്ട്രീയ നേതൃത്വത്തിന്റെ പേരിന് കളങ്കം ഉണ്ടായിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാ രാഷ്ട്രീയക്കാരും അഴിമതിക്കാരല്ലെന്ന് ജനങ്ങള്‍ക്ക് ഉറപ്പും വിശ്വാസവും നല്‍കാന്‍ കഴിയണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
    കാലാകാലങ്ങളായി അധികാരത്തിലേറുന്ന സര്‍ക്കാരുകള്‍ സി.ബി.ഐയെയും മറ്റ് ഏജന്‍സികളെയും രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ആയുധമായി ഉപയോഗിക്കുകയാണെന്ന് ആരോപിച്ചുവന്നിരുന്നു.