ഇടുക്കിയില്‍ ദേശീയ പതാക നിര്‍മാണത്തിലും തിരിമറിയെന്ന് ആക്ഷേപം

By parvathyanoop.12 08 2022

imran-azhar

 

ഇടുക്കി: സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഓഗസ്റ്റ് 13 മുതല്‍ 15 വരെ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തണമെന്നും കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു വെച്ച ഹര്‍ ഘര്‍ തിരംഗ' പദ്ധതി വിജയിപ്പിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്ന്ു. ഇതിലൂടെ ത്രിവര്‍ണ പതാകയുമായുള്ള നമ്മുടെ ബന്ധം കൂടുതല്‍ ദൃഢമാക്കണമെന്നും ഇദ്ധേഹം പറഞ്ഞു. ഇതിനു പിന്നാലെയാണ് സ്വാതന്ത്ര്യദിനത്തില്‍ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്താനുള്ള 'ഹര്‍ ഘര്‍ തിരംഗ' ക്യാമ്പയിനില്‍ ഇടുക്കിയില്‍ ക്രമക്കേട്.

 

ജില്ലയില്‍ കുടുംബശ്രീ വിതരണത്തിന് എത്തിച്ച ഒരു ലക്ഷത്തിലേറെ ദേശീയ പതാകകള്‍ ഉപയോഗ ശൂന്യമായി. പതാകയുടെ അളവിലും അശോക ചക്രത്തിന്റെ ആകൃതിയിലും മാനദണ്ഡം പാലിക്കാതിരുന്നതോടെയാണ് ഇത്രയധികം ദേശീയ പതാകകള്‍ പാഴായത്. കുടുംബശ്രീ കരാര്‍ മറിച്ചുനല്‍കിയെന്നും ആക്ഷേപമുണ്ട്.30 ലക്ഷത്തിലേറെ രൂപ ചെലവാക്കിയാണ് ജില്ലയില്‍ പദ്ധതി നടപ്പാക്കുന്നത്.

 

പതാകകള്‍ നിര്‍മിച്ച് പഞ്ചായത്തുകള്‍ക്ക് നല്‍കാനുള്ള ചുമതല കുടുംബശ്രീ മിഷനായിരുന്നു. ജില്ലയിലെ 20 അപ്പാരല്‍ കുടുംബശ്രീ യൂണിറ്റുകള്‍ യോഗംവിളിച്ച് കണ്‍സോര്‍ഷ്യം രൂപീകരിച്ച് അവര്‍ക്ക് കരാര്‍ നല്‍കുകയായിരുന്നു. എന്നാല്‍ ഈ കുടുംബശ്രീ യൂണിറ്റുകള്‍ സ്വന്തമായി ദേശീയ പതാകകള്‍ നിര്‍മിക്കുന്നതിന് പകരം കേരളത്തിന് പുറത്ത് ബെംഗളൂരു ആസ്ഥാനമായുള്ള രണ്ടു കമ്പനികളെ ചുമതല ഏല്‍പ്പിച്ചു. അവര്‍ നല്‍കിയ ദേശീയ പതാകകളാണ് മാനദണ്ഡം പാലിക്കാത്തതിനാല്‍ ഉപയോഗശൂന്യമായത്.

 

ഒരു ദേശീയ പതാക നിര്‍മിക്കാന്‍ 28 രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചത്. എന്നാല്‍ അത്രയൊന്നും മൂല്യം വരാത്ത ദേശീയ പതാകകളാണ് ഇടുക്കി ജില്ലയില്‍ വിതരണത്തിന് എത്തിച്ചത്. ഇതോടെ കരാര്‍ നല്‍കുന്നതില്‍ കമ്മീഷന്‍ ഉള്‍പ്പെടെ കൈപറ്റിയുണ്ടെന്ന ആക്ഷേപം ഉയര്‍ന്നു. കുടുംബശ്രീയുടെ ജില്ലാ കോര്‍ഡിനേറ്റര്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ക്കെതിരേ സര്‍ക്കാര്‍ കര്‍ശനമായ നടപടിയെടുക്കണമെന്നാണ് ആവശ്യം.

ക്യാമ്പയിന്റെ ഭാഗമായി ജില്ലയില്‍ ദേശീയ പതാകകളുടെ വിതരണോദ്ഘാടനം കഴിഞ്ഞ ദിവസം ജില്ലാ കളക്ടറാണ് നിര്‍വഹിച്ചത്. ഇതിനുശേഷമാണ് പതാകകളിലെ ചട്ടലംഘനം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ വീടുകളില്‍ വിതരണം ചെയ്ത പതാകകള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ തിരിച്ചുവാങ്ങിയിരുന്നു.

 

 

 

OTHER SECTIONS