നിരീക്ഷണക്യാമറയില്‍ പതിഞ്ഞ ദൃശ്യം ജെസ്‌നയുടേത് തന്നെയെന്ന് ഉറപ്പിച്ച് പോലീസ്

By Anju N P.13 Jul, 2018

imran-azhar

പത്തനംതിട്ട: മുണ്ടക്കയത്ത് നിരീക്ഷണക്യാമറയില്‍ പതിഞ്ഞ ദൃശ്യം ജെസ്‌നയുടേത് തന്നെയെന്ന് ഉറപ്പിച്ച് പോലീസ്. ദൃശ്യം പുറത്ത് വിട്ടിട്ടും ഇത് താനാണ് എന്ന് അവകാശപ്പെട്ട് ഇതുവരെ മറ്റാരും വന്നിട്ടില്ലെന്ന് ജില്ലാ പോലീസ് മേധാവി ടി.നാരായണന്‍ പറഞ്ഞു. അയതിനാല്‍ ഇത് ജെസ്‌ന തന്നെയെന്ന് ഉറപ്പിക്കുകയാണ് അന്വേഷണ സംഘം.

 


അതിനിടെ ബെംഗളൂരു വിമാനത്താവളത്തിലെ നിരീക്ഷണക്യാമറകളിലെ ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നത് തുടരുന്നു. ഇവിടെ ജെസ്നയെ കണ്ടെന്ന് ഒരാള്‍ അറിയിച്ചിരുന്നു. വിമാനത്താവള രേഖകളും പരിശോധിക്കുന്നുണ്ട്.

 


മാര്‍ച്ച് 22-നാണ് കൊല്ലമുള സ്വദേശിയും വിദ്യാര്‍ഥിനിയുമായ ജെസ്നയെ കാണാതാകുന്നത്. പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞിറങ്ങിയ ജെയ്‌നയെ പിന്നാരും കണ്ടില്ല. ഇതോടെയാണ് പരാതിയുമായി വീട്ടുകാര്‍ പോലീസിനെ സമീപിച്ചത്.

 


മുണ്ടക്കയം ബസ് സ്റ്റാന്റിന് സമീപത്തെ കടയിലെ സിസിടിവി ദൃശ്യത്തിലാണ് ജെസ്നയുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയത്. ഈ ക്യാമറ ദൃശ്യങ്ങള്‍ നേരത്തെ ഇടിമിന്നലില്‍ നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ പൊലീസിന്റെ സാങ്കേതിക വിദഗ്ധര്‍ നടത്തിയ പരിശ്രമത്തില്‍ ഇവ വീണ്ടെടുത്തു.

കാണാതായ ദിവസം പകല്‍ 11.44 നാണ് ജെസ്ന മുണ്ടക്കയം ബസ് സ്റ്റാന്റിന് സമീപത്തെ കടയ്ക്ക് മുന്നിലൂടെ നടന്നുപോയത് കണ്ടത്. ആറ് മിനിറ്റ് കഴിഞ്ഞ് 11.50 ന് ജെസ്നയുടെ ആണ്‍സുഹൃത്തും ഈ ഭാഗത്തുകൂടി തന്നെ നടന്നുപോകുന്നത് കണ്ടു.

 

എന്നാല്‍ രാവിലെ ജെസ്ന വീട്ടില്‍ നിന്നിറങ്ങുന്നത് കണ്ടവര്‍ നല്‍കിയ മൊഴി പ്രകാരം ജെസ്ന ചുരിദാറായിരുന്നു ധരിച്ചത്. മുണ്ടക്കയത്തെ വീഡിയോയില്‍ ജെസ്ന ധരിച്ചത് ജീന്‍സും ടോപ്പുമാണ്. മുണ്ടക്കയത്ത് ജെസ്ന ഷോപ്പിങ് നടത്തിയിരിക്കണമെന്നും അവിടെ വച്ച് തന്നെ വസ്ത്രം അഴിച്ചുമാറ്റി പുതിയത് ധരിച്ചിരിക്കാമെന്നുമാണ് പൊലീസിന്റെ നിഗമനം. ഏറ്റവും ചുരുങ്ങിയത് അര മണിക്കൂറെങ്കിലും ജെസ്ന ഇവിടെ ഏതെങ്കിലും വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ സമയം ചെലവഴിച്ചിരിക്കുമെന്നാണ് കരുതുന്നത്. ഇതിനിടെ ജസ്നയെ ബംഗളൂരുവില്‍ കണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് ബംഗളൂരുവിലേക്ക് തിരിച്ചു.