ജിഷ്ണുവിന്റെ ദുരൂഹ മരണം; ആദ്യഘട്ടത്തില്‍ നിര്‍ണ്ണായക തെളിവുകള്‍ പൊലീസ് അട്ടിമറിച്ചത് ആര്‍ക്ക് വേണ്ടി ?

By Dipin Mananthavady .14 Feb, 2017

imran-azhar

 


നെഹ്‌റു ഗ്രൂപ്പ് കോളേജ് ചെയര്‍മാനെയും വൈസ് പ്രിന്‍സിപ്പലിനെയും അടക്കം പ്രതി ചേര്‍ക്കാന്‍ കിരണ്‍ നാരായണ്‍ ഐ.പി.എസ് നേതൃത്വം നല്‍കുന്ന അന്വേഷക സംഘം തീരുമാനിച്ചെങ്കിലും ജിഷ്ണുവിന്റെ മരണത്തിലെ ദുരൂഹത തുടരുകയാണ്. ജിഷ്ണുവിന്റെ മരണം നടന്ന നിമിഷം മുതല്‍ കിരണ്‍ നാരായണ്‍ ഐ.പി.എസ് അന്വേഷണ ചുമതല ഏറ്റെടുത്ത നിമിഷം വരെ നടന്ന കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ നടന്നിരുന്നതിന്റെ ശക്തമായ തെളിവുകള്‍ കലാകൗമുദി നേരത്തെ പുറത്ത് വിട്ടിരുന്നു. ഈ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്ന ഗൗരവമായ വിഷയങ്ങള്‍ ഇപ്പോഴും ഇരുട്ടില്‍ തന്നെ നില്‍ക്കുകയാണ്.

 

ഭിത്തിയിലെ ഹൂക്കില്‍ തോര്‍ത്തില്‍ തൂങ്ങിയ നിലയില്‍ ജിഷ്ണുവിനെ കണ്ടെത്തുമ്പോള്‍ ജിഷ്ണുവിന്റെ വായിലും മുഖം ചേര്‍ന്നിരുന്ന ഭിത്തിയിലും ചോരയുണ്ടായിരുന്നതായി ദൃക്‌സാക്ഷികളായ സഹപാഠികള്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഇന്‍ക്വിസ്റ്റ് നടത്തിയ പഴയന്നൂര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ ഈ വാദങ്ങള്‍ നിഷേധിച്ചിരുന്നു. മാത്രമല്ല വായിലോ ഭിത്തിയിലോ ചോര ഉണ്ടായിരുന്നില്ലെന്നാണ് ഈ ഉദ്യോഗസ്ഥന്‍ കലാകൗമുദിയോട് അസന്നിഗദ്ധമായി വ്യക്തമാക്കിയത്.

 


ജിഷ്ണുവിനെ ദുരൂഹ സാഹചര്യത്തില്‍ കാണപ്പെട്ട മുറി പൊലീസ് സീല്‍ ചെയ്ത് സംരക്ഷിക്കാത്തത് വലിയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. ഹോസ്റ്റല്‍ വാര്‍ഡന്റെ കൈയ്യില്‍ നിന്നും വാങ്ങിയ പൂട്ടും താക്കോലും ഉപയോഗിച്ചായിരുന്നു പഴയന്നൂര്‍ പൊലീസ് റൂം സീല്‍ ചെയ്യാതെ പൂട്ടിയത്. രണ്ട് താക്കോല്‍ കയ്യില്‍ സൂക്ഷിച്ച പൊലീസ് ഒരു താക്കോല്‍ വാര്‍ഡനെ ഏല്‍പ്പിക്കുകയായിരുന്നു. പൊലീസ് സ്ഥലത്ത് നിന്നും പോയതിന് ശേഷം പി.ആര്‍.ഒ സഞ്ജിത് വിശ്വനാഥന്‍ അടക്കമുള്ള കേസിലെ പ്രതികളില്‍ ചിലര്‍ ജിഷ്ണുവിനെ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ ശുചിമുറി കഴുകി വൃത്തിയാക്കിയതായി ആരോപണം ഉയര്‍ന്നിരുന്നു.

 

 Click Here for Exclusive Proof Audio


നിലവില്‍ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ തലവന്‍ കിരണ്‍ നാരായണ്‍ ഐ.പി.എസ് തെളിവെടുപ്പിന് ഹോസ്റ്റലില്‍ എത്തുമ്പോള്‍ ശുചിമുറിയിലെ ഭിത്തിയില്‍ ചോരപ്പാട് ഉണ്ടായിരുന്നില്ല. ജിഷ്ണുവിനെ മരണാസന്നനായി കണ്ടെത്തുമ്പോള്‍ ശുചിമുറിയിലെ ഭിത്തിയില്‍ കണ്ടെത്തിയ ചോരപ്പാട് ആരാണ് മായ്ച്ചതെന്ന ചോദ്യത്തിനുള്ള ഉത്തരം ഇപ്പോഴും ദുരൂഹമായി തുടരുന്നു. ഈ വിഷയം മുതല്‍ ജിഷ്ണുവിന്റെ മൃതദേഹം പോസ്റ്റമോര്‍ട്ടം നടത്തുമ്പോള്‍ അടക്കം തെളിവ് നശിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ച് ശക്തമായ അന്വേഷണം ഇനിയും നടക്കേണ്ടതുണ്ട്. കിരണ്‍ നാരായണ്‍ ഐ.പി.എസ് അന്വേഷണ ചുമതല ഏറ്റെടുക്കുന്നതിന് മുമ്പായി പൊലീസ് തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തു വരികയാണ്. ജിഷ്ണുവിന്റെ മരണം സാധാരണ ആത്മഹത്യയാക്കി മാറ്റി കേസ് അട്ടിമറിക്കാന്‍ നടന്ന ശ്രമങ്ങളെക്കുറിച്ചും അന്വേഷണം നടക്കേണ്ടതുണ്ടെന്ന് ജിഷ്ണുവിന്റെ വീട്ടുകാര്‍ ആദ്യഘട്ടത്തിലെ ആവശ്യപ്പെട്ടിരുന്നു.

 


ജിഷ്ണുവിന്റെ വായിലും ശുചിമുറിയിലെ ഭിത്തിയിലും രക്തം കണ്ടിരുന്നതായി ജിഷ്ണുവിനെ മരണാസന്നനായി ആദ്യം കണ്ട സഹപാഠികളില്‍ ഒരാള്‍ നടത്തുന്ന വെളിപ്പെടുത്തലിന്റെയും വായിലോ ഭിത്തിയിലോ രക്തം ഉണ്ടായിരുന്നില്ലെന്ന് തീര്‍ത്ത് പറയുന്ന ഇന്‍ക്വിസ്റ്റ് നടത്തിയ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലിന്റെയും ശബ്ദരേഖയുടെ പ്രസക്ത ഭാഗങ്ങൾ കലാകൗമുദി ഓൺലൈൻ പുറത്ത് വിടുന്നു. ജിഷ്ണുവിനെ മരണാസന്നനായി കണ്ടെത്തിയ ശുചിമുറിയിലെ ഭിത്തിയില്‍ രക്തം ഉണ്ടായിരുന്ന വിവരം മറച്ച് വയ്ക്കപ്പെട്ടതിനെക്കുറിച്ച് ഗൗരവമായ അന്വേഷണം ഇനിയും നടക്കേണ്ടതുണ്ട്. ശുചിമുറിയില്‍ ജിഷ്ണുവിനെ ആരെങ്കിലും അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നോയെന്ന സംശയവും ഒരുഘട്ടത്തില്‍ ജിഷ്ണുവിന്റെ വീട്ടുകാര്‍ ഉന്നയിച്ചിരുന്ന സാഹചര്യത്തില്‍ ജിഷ്ണുവിന്റെ സഹപാഠികളുടെ വെളിപ്പെടുത്തല്‍ നിര്‍ണ്ണായകമാകും.

 

Click Here for Exclusive Proof Audio

loading...