കോയമ്പത്തൂർ അപകടത്തിൽ മരിച്ചവർ മലയാളികൾ; രണ്ട് മന്ത്രിമാർ തിരുപ്പൂരിലേക്ക്

By online desk.19 02 2020

imran-azhar

 


കോയമ്പത്തൂർ: കോയമ്പത്തൂർ അവിനാശിയിൽ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ സൗകര്യങ്ങൾക്ക് മേൽനോട്ടം വഹിക്കാനും, മറ്റ് ദുരിതാശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും രണ്ട് മന്ത്രിമാർ തിരുപ്പൂരിലേക്ക് പോകും. കൃഷിമന്ത്രി വി എസ് സുനിൽകുമാറും, ഗതാഗതമന്ത്രി എ കെ ശശീന്ദ്രനുമാണ് തിരുപ്പൂരിലെത്തുക. മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരോട് എത്രയും പെട്ടെന്ന് പുറപ്പെടാൻ നിർദേശം നൽകിയിട്ടുണ്ട്. പാലക്കാട് ജില്ലാ കളക്ടറാണ് തിരുപ്പൂർ ജില്ലാ ഭരണകൂടവുമായി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. പാലക്കാട് എസ് പി ശിവവിക്രം സ്ഥലത്തെത്തിയിട്ടുണ്ട്.

 

മരിച്ചവരെല്ലാം മലയാളികളാണ്. 19 മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. 21 പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവർ എല്ലാം അവിനാശി ജില്ലാ ആശുപത്രിയിലാണുള്ളത്. ഇതിൽ 2 പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ എല്ലാ നടപടിയുമെടുത്തിട്ടുണ്ട്. അപകടത്തിൽപ്പെട്ട് മരിച്ച ഒരാൾ പാലക്കാട് ജില്ലയിൽ നിന്നാണ്. മരിച്ച മറ്റുള്ളവർ തൃശ്ശൂർ, എറണാകുളം ജില്ലകളിൽ നിന്നാണ്. 48 പേർ ബസ്സിലുണ്ടായിരുന്നു എന്നും എസ് പി വ്യക്തമാക്കുന്നു. അഞ്ച് പേർ സാരമായ പരിക്കില്ലാതെ രക്ഷപ്പെട്ടിട്ടുണ്ട്. ഉടൻ തന്നെ പാലക്കാട് ജില്ലാ ഭരണകൂടം ഒരു ഹെൽപ് ലൈൻ നമ്പർ തുറക്കുമെന്നാണ് റിപ്പോർട്ടുകൾ.

 

തിരുപ്പൂരിലേക്കും അവിനാശിയിലേക്കും നാട്ടിൽ നിന്ന് വിവരമന്വേഷിച്ച് വരുന്നവർക്കായി പാലക്കാട് നിന്ന് പ്രത്യേക പൊലീസ് സംഘം സഹായത്തിനായി എത്തിയിട്ടുണ്ട്. പരിക്കേറ്റവരുടെയും മരിച്ചവരുടെയും വിശദാംശങ്ങൾ നൽകാനും മറ്റ് എല്ലാ സഹായങ്ങളും ഈ പൊലീസ് സംഘം നൽകും. പുലർച്ചെ 3.25-നാണ് അപകടമുണ്ടായത്. ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട് നിര തെറ്റിയ കണ്ടെയ്‍നർ ലോറി എതിർ ദിശയിൽ വന്ന കെഎസ്ആർടിസി ബസ്സുമായി ഇടിക്കുകയായിരുന്നു. ബസ്സിന്‍റെ വലതുവശത്താണ് കണ്ടെയ്‍നർ വന്ന് ഇടിച്ചത്. അതിനാൽ വലതുഭാഗത്ത് ഇരുന്നവർക്കാണ് ഏറ്റവും കൂടുതൽ പരിക്കേറ്റത്.

 

21 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ എല്ലാവരും അവിനാശി സർക്കാരാശുപത്രിയിലാണുള്ളത്. രണ്ട് പേരുടെ മൃതദേഹം തിരുപ്പൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിട്ടുണ്ട്. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ബസ്സിൽ സഞ്ചരിച്ച യാത്രക്കാരുടെ പട്ടിക എടുത്തിട്ടുണ്ട്. കെഎസ്ആർടിസിയുടെ പക്കൽ അഡ്രസും മൊബൈൽ നമ്പറും ഇല്ല. അത് ശേഖരിച്ച് വരികയാണ്.

 

 

 

 

 

 

 

 

 

OTHER SECTIONS