ഒടുവില്‍ തിരുത്ത്: വിവാദ ഫേസ്ബുക്ക് പോസ്റ്റ് തിരുത്തി കെ.ടി ജലീല്‍

By Shyma Mohan.13 08 2022

imran-azhar

 


തിരുവനന്തപുരം: വിവാദമായ ആസാദ് കാശ്മീര്‍ പോസ്റ്റ് തിരുത്തി മുന്‍ മന്ത്രി കെ.ടി ജലീല്‍. താന്‍ ഉദ്ദേശിച്ചതിന് വിരുദ്ധമായി ദുര്‍വ്യാഖ്യാനം ചെയ്ത കുറിപ്പിലെ വരികള്‍ നാടിന്റെ നന്മയ്ക്കും ജനങ്ങള്‍ക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനുമായി പിന്‍വലിക്കുകയാണെന്ന് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

 

കെ.ടി ജലീലിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം(ആസാദി കാ അമൃത് മഹോത്സവ്) നാളെക്കഴിഞ്ഞ് മറ്റന്നാള്‍ ഒറ്റ മനസ്സോടെ ആഘോഷിക്കുകയാണ്. അതിന്റെ ആരവങ്ങള്‍ നാടെങ്ങും ആരംഭിച്ച് കഴിഞ്ഞു. നിയമസഭയുടെ പ്രവാസി ക്ഷേമ സമിതിയുടെ അംഗം എന്ന നിലയില്‍ കാശ്മീര്‍ സന്ദര്‍ശിച്ചപ്പോള്‍ ഞാന്‍ എഴുതിയ യാത്രാക്കുറിപ്പിലെ ചില പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണക്ക് ഇട വരുത്തിയത് എന്റെ ശ്രദ്ധയില്‍പ്പെട്ടു. ഞാനുദ്ദേശിച്ചതിന് വിരുദ്ധമായി ദുര്‍വ്യാഖ്യാനം ചെയ്ത പ്രസ്തുത കുറിപ്പിലെ വരികള്‍ നാടിന്റെ നന്മയ്ക്കും ജനങ്ങള്‍ക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും പിന്‍വലിച്ചതായി അറിയിക്കുന്നു. ജയ് ഹിന്ദ് - ജലീല്‍ കുറിച്ചു.

 

പാക് അധീന കാശ്മീരിനെ ആസാദ് കാശ്മീര്‍ എന്ന് വിശേഷിപ്പിച്ച കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് പരാതിക്കും വിവാദത്തിനും ഇടയാക്കിയത്. പരാമര്‍ശവുമായി ബന്ധപ്പെട്ട് ജലീലിനെതിരെ ഡല്‍ഹി പോലീസിലും പരാതി എത്തിയിരുന്നു. തിലക് മാര്‍ഗ്ഗ് പോലീസ് സ്‌റ്റേഷനിലാണ് പരാതി ലഭിച്ചത്.

 

OTHER SECTIONS