മുസഫര്‍ നഗറില്‍ കലിംഗ ഉദ്കല്‍ എക്‌സ്പ്രസ് പാളം തെറ്റി 23 മരണം; നാനൂറോളം പേര്‍ക്ക് പരിക്ക്

By anju.20 Aug, 2017

imran-azhar

 


ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ കലിംഗ ഉദ്കല്‍ എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റി 23 പേര്‍ മരിച്ചു. 10 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. നാനൂറോളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ റെയില്‍വേ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു.

 

ഒഡിഷയിലെ പുരിയില്‍ നിന്ന് പുറപ്പെട്ട കലിംഗ ഉദ്കല്‍ എക്‌സ്പ്രസ്് മുസഫര്‍നഗറിന് 25 കിലോമീറ്റര്‍ അകലെ ഖട്ടവ്‌ലിയില്‍ വച്ചാണ് പാളം തെറ്റിയത്. വൈകിട്ട് 5.50 നായിരുന്നു അപകടം. 10 ബോഗികളാണ് പാളം തെറ്റിയത്. 6 ബോഗികള്‍ പൂര്‍ണമായും പാളത്തില്‍ നിന്ന് തെന്നിമാറി. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയരാനുള്ള സാധ്യതയുണ്ട്.

 

കേന്ദ്രദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടസ്ഥലത്തിന് സമീപം പ്രാഥമിക ചികിത്സക്ക് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അപകടകാരണം വ്യക്തമായിട്ടില്ല. സ്ഥിതിഗതികള്‍ വിലയിരുത്തി വരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. സംഭവത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് റെയില്‍വേമന്ത്രി സുരേഷ് പ്രഭു പറഞ്ഞു.

 

ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. കഴിഞ്ഞ നവംബറില്‍ ഉത്തര്‍പ്രദേശിലെ പുക്രായനില്‍ ട്രെയിന്‍ പാളം തെറ്റി നൂറിലധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.

 

OTHER SECTIONS