കുഞ്ഞുങ്ങള്‍ മരിച്ചു കിടക്കുമ്പോള്‍ വന്ദേമാതരം പാടിക്കുന്നതു നാണക്കേട്: കനയ്യ

By Anju N P.13 Aug, 2017

imran-azhar

 


കണ്ണൂര്‍ : രാജ്യത്ത് ഓക്‌സിജന്‍ കിട്ടാതെ കുഞ്ഞുങ്ങള്‍ മരിച്ചു കിടക്കുമ്പോള്‍ വന്ദേമാതരം ആലപിക്കണമെന്നു പറയുന്നതു ലോകത്തിനു മുന്‍പില്‍ ഇന്ത്യയെ നാണം കെടുത്തുന്നതുപോലെയെന്ന് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യ കുമാര്‍. വന്ദേമാതരം ആലപിക്കാത്തതല്ല ഇന്ത്യയിലെ പ്രശ്‌നം. കുഞ്ഞുങ്ങള്‍ ശ്വാസം മുട്ടി മരിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കള്ളപ്രചാരണങ്ങളിലൂടെ മുഖം രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും കനയ്യ കുറ്റപ്പെടുത്തി. എഐഎസ്എഫ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

രാജ്യത്ത് ജീവിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരും തന്നെ വന്ദേമാതരവും ഭാരത് മാതാ കീ ജയ്യും ചൊല്ലണമെന്ന, ബിജെപി നേതാവും മഹാരാഷ്ട്ര പൊതുമരാമത്ത് മന്ത്രിയുമായ ചന്ദ്രകാന്ത് പാട്ടീലിന്റെ പ്രസ്താവന വിവാദമായിരുന്നു. ഷിര്‍ഡിയില്‍ സായ്ബാബ ക്ഷേത്ര ദര്‍ശനത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് പാട്ടീല്‍ ഈ ആവശ്യം ഉന്നയിച്ചത്.

 

തമിഴ്‌നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വന്ദേമാതരം ആലാപനം നിര്‍ബന്ധമാക്കണമെന്ന ഹൈക്കോടതി ഉത്തരവിനു പിന്നാലെ സമാന ആവശ്യവുമായി മറ്റൊരു ബിജെപി എംഎല്‍എയും രംഗത്തെത്തിയിരുന്നു. പൊതുപരിപാടികള്‍ തുടങ്ങുന്നതിനു മുന്‍പ് വന്ദേമാതരവും തീരുമ്പോള്‍ ജനഗണമനയും ആലപിക്കണമെന്നു നിര്‍ദേശിച്ച് നയം രൂപീകരിക്കണമെന്നാണ് ബിജെപിയുടെ നിയമസഭാ ചീഫ് വിപ്പ് കൂടിയായ രാജ് പുരോഹിതിന്റെ ആവശ്യം.

 

OTHER SECTIONS