കത്വ പീഡനം: എട്ടു വയസുകാരിയുടെ കുടുംബത്തിനും അഭിഭാഷകര്‍ക്കും സുരക്ഷയൊരുക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

By Shyma Mohan.16 Apr, 2018

imran-azhar


    ന്യൂഡല്‍ഹി: കത്വയില്‍ എട്ടുവയസുകാരി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട കേസില്‍ കാശ്മീരില്‍ വിചാരണ നടന്നാല്‍ നീതി ലഭിക്കില്ലെന്നും ചണ്ഡീഗഡിലേക്കും മാറ്റണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ജമ്മുകാശ്മീര്‍ സര്‍ക്കാരിന് നോട്ടീസ് അയച്ചു. സംസ്ഥാന സര്‍ക്കാരിന്റെ മറുപടി ആവശ്യപ്പെട്ടാണ് സുപ്രീം കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. നോട്ടീസിന് ഏപ്രില്‍ 27നകം മറുപടി നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. കൂടാതെ പെണ്‍കുട്ടിയുടെ കുടുംബത്തിനും ഇവര്‍ക്കുവേണ്ടി കോടതിയില്‍ ഹാജരാകുന്ന അഭിഭാഷകരായ ദീപിക രജാവത്ത്, താലിബ് ഹുസൈന്‍ എന്നിവര്‍ക്ക് സുരക്ഷ ഒരുക്കാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ സംതൃപ്തിയുള്ളതായും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിക്കളയണമെന്നും കത്വ പെണ്‍കുട്ടിയുടെ പിതാവ് കോടതിയില്‍ ആവശ്യപ്പെട്ടു. വിചാരണ ചണ്ഡീഗഡിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സുപ്രീം കോടതിയെ സമീപിച്ചതിനാല്‍ സംസ്ഥാനത്തെ കേസിന്റെ വിചാരണ ഏപ്രില്‍ 28ലേക്ക് മാറ്റിവെച്ചിരുന്നു.

OTHER SECTIONS