കെജ്‌രിവാളിന് കള്ളപ്പണ ഇടപാട്: കപില്‍ മിശ്ര

By Shyma Mohan.19 May, 2017

imran-azhar


    ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിന് കള്ളപ്പണവും ഹവാല റാക്കറ്റുമായി ബന്ധമുണ്ടെന്ന് പുറത്താക്കപ്പെട്ട മന്ത്രി കപില്‍ മിശ്ര. മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ കെജ്‌രിവാള്‍ എതിര്‍ത്തത് അദ്ദേഹത്തിന് കള്ളപ്പണം വെളുപ്പിക്കാന്‍ സാധിക്കാത്തതിനാലാണെന്നും കപില്‍ മിശ്ര പറഞ്ഞു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന നിരവധി കമ്പനികളില്‍ നിന്നും ആം ആദ്മി പാര്‍ട്ടി വന്‍തോതില്‍ പണം സ്വീകരിച്ചിരുന്നതായും മിശ്ര ആരോപിച്ചിട്ടുണ്ട്. നോട്ട് നിരോധിക്കലിനെതിരെ കെജ്‌രിവാള്‍ രാജ്യമെമ്പാടും പ്രചരണം നടത്തിയത് അദ്ദേഹത്തിന്റെ കള്ളപ്പണം സൂക്ഷിച്ചിരുന്നവര്‍ റെയ്ഡ് ചെയ്യപ്പെടുമെന്ന് കരുതിയതുകൊണ്ടാണെന്ന് മിശ്ര ആരോപിച്ചു. ഡല്‍ഹി വ്യവസായി മുകേഷ് കുമാര്‍ എ.എ.പിക്ക് 2 കോടി രൂപ സംഭാവന നല്‍കിയിരുന്നു. 2013ല്‍ എ.എ.പി സര്‍ക്കാര്‍ അധികാരമേറ്റയുടനെ വാറ്റ് നല്‍കാത്തതിന്റെ പേരില്‍ മുകേഷ് കുമാറിന്റെ കമ്പനിക്ക് നോട്ടീസ് നല്‍കിയിരുന്നതായും തുടര്‍ന്നാണ് അദ്ദേഹം പാര്‍ട്ടിക്കായി വന്‍ തുക സംഭാവന നല്‍കിയതെന്നും മിശ്ര ഇന്ന് നടത്തിയ ആരോപണത്തില്‍ പറയുന്നു. മുകേഷിനെതിരെ നടപടിയെടുക്കാന്‍ കെജ്‌രിവാള്‍ എന്തുകൊണ്ട് തയ്യാറായില്ലെന്നും മിശ്ര ചോദ്യം ഉന്നയിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കാനുള്ള വിശാലമായ പദ്ധതിയാണ് കെജ്‌രിവാള്‍ നടത്തിവരുന്നതെന്നും മിശ്ര ആരോപിക്കുന്നു. ഈയിടെ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളിലും ഡല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പുകളിലും എ.എ.പിക്കുണ്ടായ വന്‍ തിരിച്ചടിയെ തുടര്‍ന്ന് പാര്‍ട്ടി നേതൃനിരയില്‍ വന്‍ പൊട്ടിത്തെറിയുണ്ടായത് ആരോപണ പ്രത്യാരോപണങ്ങളുമായി ഇപ്പോഴും തുടരുകയാണ്.