ബ്ലൂവെയ്ല്‍ നിരോധിക്കണം: മോദിയോട് പിണറായി

By Shyma Mohan.12 Aug, 2017

imran-azhar


    തിരുവനന്തപുരം: വിവാദ ഓണ്‍ലൈന്‍ ഗെയിം ബ്ലൂവെയ്ല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാവശ്യപ്പെട്ടു.
    കുട്ടികളെ അപായപ്പെടുത്തുന്ന ഗെയിം രാജ്യത്ത് പലയിടത്തും ജീവന്‍ അപഹരിച്ചതായി മാധ്യമങ്ങളില്‍ നിന്ന് മനസിലാക്കിയെന്നും ഈ സാഹചര്യത്തില്‍ ഗെയിം നിരോധിക്കുകയും ഇന്റര്‍നെറ്റില്‍ ലഭ്യമല്ലാതാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും പിണറായി മോദിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. കേരളത്തിലെ സൈബര്‍ പോലീസ് ബ്ലൂവെയ്‌ലിനെതിരെ ബോധവത്കരണം നടത്തുന്നുണ്ടെന്നും എന്നാല്‍ ഇത് പര്യാപ്തമല്ലെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംസ്ഥാനത്ത് 2000ത്തോളം പേരെങ്കിലും ബ്ലൂവെയ്ല്‍ കളിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
    കഴിഞ്ഞ ദിവസം ബ്ലൂവെയ്‌ലിന് അടിമകളായി ആത്മഹത്യയുടെ വക്കിലെത്തിയ രണ്ട് കുട്ടികളെ മഹാരാഷ്ട്രയിലെ സോളാപൂരില്‍ നിന്നും മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നും രക്ഷപ്പെടുത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന ഭയാനകമായ ഓണ്‍ലൈന്‍ ഗെയിമാണ് ബ്ലൂവെയ്ല്‍ ചാലഞ്ച്. 50 ദിവസം നീണ്ടുനില്‍ക്കുന്നതാണ് ഗെയിം. റഷ്യ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ നൂറിലധികം കുട്ടികളാണ് ബ്ലൂവെയ്‌ലിന് അടിമപ്പെട്ട് ആത്മഹത്യ ചെയ്തത്.