കേരള സഖാക്കള്‍ പാര്‍ട്ടി പരിപാടി വായിക്കേണ്ടത് അത്യാവശ്യം: യെച്ചൂരി

By Shyma Mohan.24 Feb, 2018

imran-azhar


    തൃശൂര്‍: കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മാത്രം നോക്കിയല്ല, പാര്‍ട്ടി പരിപാടി തീരുമാനിക്കുന്നതെന്നും പൊതുസാഹചര്യമാണ് പരിഗണിക്കുകയെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തന്നെ വിമര്‍ശിച്ച സംസ്ഥാനത്തെ സഖാക്കള്‍ക്ക് പാര്‍ട്ടി പരിപാടി അറിയാമെന്നാണ് താന്‍ കരുതിയിരുന്നതെന്ന് പറഞ്ഞ യെച്ചൂരി സംസ്ഥാനത്തെ സഖാക്കള്‍ പാര്‍ട്ടി പരിപാടി വായിക്കണമെന്നും അഭിപ്രായപ്പെട്ടു. സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ മറുപടി പ്രസംഗം നടത്തവേയാണ് യെച്ചൂരി തനിക്കെതിരെ പ്രതികരിച്ച സംസ്ഥാന നേതാക്കള്‍ക്കും എം.എല്‍.എമാര്‍ക്കുമെതിരെ തന്റെ നിലപാട് വ്യക്തമാക്കിയത്. കോണ്‍ഗ്രസ് ബന്ധം വേണമെന്നല്ല, മാറിയ ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ അടവുനയം വേണമെന്നാണ് താന്‍ പറഞ്ഞതെന്ന് യെച്ചൂരി വ്യക്തമാക്കി. ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്നും അതിനെതിരെയുള്ള ശക്തമായ ചെറുത്തുനില്‍പ് ആവശ്യമാണെന്നും യെച്ചൂരി പറഞ്ഞു. കേരളത്തില്‍ കോണ്‍ഗ്രസ് മുഖ്യ ശത്രുവാണെങ്കിലും അഖിലേന്ത്യാ തലത്തില്‍ രാഷ്ട്രീയ സാഹചര്യം അതല്ലെന്നും സിപിഎം ജനറല്‍ സെക്രട്ടറി പാര്‍ട്ടി സഖാക്കളെ ഓര്‍മ്മപ്പെടുത്തി. സി.പി.എം എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരള(മാര്‍ക്‌സിസ്റ്റ്) എന്നല്ലെന്നും മുഹമ്മദ് റിയാസിന്റെയും എ.എന്‍ ഷംസീറിന്റെയും പേരെടുത്ത് പറഞ്ഞ് യെച്ചൂരി വ്യക്തമാക്കി. സംസ്ഥാന സമ്മേളനത്തിലെ പൊതുചര്‍ച്ചയില്‍ യെച്ചൂരിയുടെ കോണ്‍ഗ്രസ് ബന്ധത്തെ സംബന്ധിച്ച നിലപാടിനെ ഷംസീറും മുഹമ്മദ് റിയാസും വിമര്‍ശിക്കുകയുണ്ടായി. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ നിലപാടിനെ അധികാരത്തിനുവേണ്ടിയുള്ള നിലപാടാണെന്ന് സംശയിച്ചാല്‍ അതിനെ കുറ്റം പറയാന്‍ പറ്റില്ലെന്നുപോലും ഷംസീര്‍ പറയുകയുണ്ടായി.