വിദ്യാര്‍ത്ഥികളെ ആശയക്കുഴപ്പത്തിലാക്കി കേരള സര്‍വകലാശാല ബിരുദപ്രവേശനം

By S R Krishnan.19 Jun, 2017

imran-azhar

തിരുവനന്തപുരം: കേരള സര്‍വകലാശാല ബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിന് വിദ്യാര്‍ത്ഥികളില്‍ നിന്നും നിര്‍ബന്ധിത ഫീസ് വാങ്ങുന്നുവെന്ന് വിദ്യാര്‍ത്ഥികളുടെ ആരോപണം. കേരള സര്‍വകലാശാലയിലെ വിവിധ കോളേജുകളിലേക്കുള്ള ബിരുദപ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ 14 ന് പ്രസിദ്ധീകരിച്ചതോടൊപ്പം ജനറല്‍ വിഭാഗത്തിലുള്ളവര്‍ പ്രവേശന ഫീസായി 1525 രൂപയും എസ്.സി/എസ്.ടി വിഭാഗക്കാര്‍ 840 രൂപയും നിര്‍ബന്ധമായും അടക്കണമെന്ന് സര്‍വകലാശാല നിര്‍ദ്ദേശിച്ചു. കൂടാതെ ഫീസ് അടയ്ക്കാത്തവരുടെ പ്രവേശനം റദ്ദു ചെയ്യകയും തുടര്‍ന്നുള്ള അലോട്ടമെന്റില്‍ അവരെ പരിഗണിക്കുന്നതല്ല എന്നും വ്യവസ്ഥ ചെയ്തിരുന്നു. സംസ്ഥാനത്തെ എന്‍ജിനീയറിങ്/ഫാര്‍മസി റാങ്ക് ലിസ്റ്റ് നാളെയാണ് പ്രഖ്യാപിക്കുന്നത്, അതിനും ശേഷമായിരിക്കും പ്രൊഫഷണല്‍ കോഴ്‌സ് പ്രവേശന നടപടികള്‍ ആരംഭിക്കുന്നത്. സംസ്ഥാനത്തെ പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനം ഇനിയും ആരംഭിക്കാത്ത സാഹചര്യത്തില്‍ താല്‍ക്കാലിക പ്രവേശനം എന്ന ഉപാധി ഇല്ലാത്തതിനാല്‍ കേരള സര്‍വ്വകലാശാലയില്‍ പ്രവേശനം കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ ആശയക്കുഴപ്പത്തിലാണ്. ബിരുദകോഴ്‌സുകളില്‍ പ്രവേശനം നേടിയവരില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ പ്രൊഫഷണല്‍ കോഴ്‌സ് പ്രവേശനം കാത്തിരിക്കുന്നവരാണ്. പ്രവേശനഫീസ് തിരികെ ലഭിയ്ക്കില്ല എന്ന നിബന്ധന പ്രോസ്‌പെക്ടസില്‍ വ്യക്തമാക്കിയിട്ടുള്ളതിനാല്‍ ഫീസടയ്ക്കാനും പറ്റാത്ത സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍. പ്രവേശനം റദ്ദാക്കുന്ന സമയത്ത് പ്രവേശനഫീസിന് പുറമേ കോളേജുകള്‍ സ്വീകരിക്കുന്ന മറ്റ് ഫീസുകള്‍ തിരികെ നല്‍കാന്‍ നിര്‍ദ്ദേശമുണ്ട്.