മീനയുടെ ഭര്‍ത്താവിന്റെ മരണം; മാധ്യമങ്ങളെ കുറ്റപ്പെടുത്തി ഖുശ്ബു

By parvathyanoop.29 06 2022

imran-azhar

 

തെന്നിന്ത്യന്‍ താരം മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ കോവിഡ് കാരണമാണു മരിച്ചതെന്നത് തെറ്റായ വാര്‍ത്തയാണെന്നു നടി ഖുശ്ബു. ശ്വാസകോശ സംബന്ധമായ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് വിദ്യാസാഗര്‍ മരിച്ചതെന്നും വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ മാധ്യമങ്ങള്‍ അല്‍പം കൂടി ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ഖുശ്ബു ട്വീറ്റ് ചെയ്തു.ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടര്‍ന്ന് വിദ്യാസാഗര്‍ ചികിത്സയിലായിരുന്നു.

 

ഇതിനിടെയാണ് കോവിഡ് പിടിപെട്ടത്. കോവിഡ് മുക്തനായെങ്കിലും പിന്നീട് വിദ്യാസാഗറിന്റെ ആരോഗ്യസ്ഥിതി വഷളാകുകയായിരുന്നു.അണുബാധ രൂക്ഷമായതിനെത്തുടര്‍ന്ന് ശ്വാസകോശം മാറ്റിവെയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാന്‍ വൈകി. വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയത്.

 

2009 ലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്. ബെംഗളൂരുവില്‍ സോഫ്റ്റ്വേര്‍ രംഗത്തെ വ്യവസായിയായിരുന്നു വിദ്യാസാഗര്‍, ഇരുവരുടെയും മകള്‍ നൈനികയും അഭിനേത്രിയാണ്. തെരി എന്ന വിജയ് ചിത്രത്തിലൂടെ നൈനിക തെന്നിന്ത്യയില്‍ ശ്രദ്ധേയവേഷം അവതരിപ്പിച്ചിരുന്നു.വിദ്യാസാഗറിന്റെ വിയോഗത്തില്‍ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. ഈയിടെ മലയാളത്തില്‍ പുറത്തിറങ്ങിയ ബ്രോ ഡാഡി എന്ന ചിത്രത്തില്‍ മീന ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു.

 

ഖുശ്ബുവിന്റെ വാക്കുകള്‍:

 

''കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ വാര്‍ത്തകള്‍ കൊടുക്കണമെന്ന് മാധ്യമങ്ങളോട് ഞാന്‍ വളരെ താഴ്മയായി അഭ്യര്‍ഥിക്കുന്നു. മൂന്നു മാസം മുമ്പാണ് മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിനു കോവിഡ് ബാധിച്ചത്. കോവിഡ് കാരണം ശ്വാസകോശത്തിന്റെ അവസ്ഥ മോശമായിരുന്നു. പക്ഷേ ഇപ്പോള്‍ സാഗര്‍ കോവിഡ് ബാധിതനല്ല. കോവിഡ് ബാധിച്ചാണ് സാഗര്‍ നമ്മെ വിട്ടുപോയതെന്ന തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ജനങ്ങളില്‍ പരിഭ്രാന്തി പടര്‍ത്തരുതെന്നു ഞാന്‍ അപേക്ഷിക്കുകയാണ്. അതെ, നമ്മള്‍ ജാഗ്രത പാലിക്കുക തന്നെവേണം, പക്ഷേ അത് തെറ്റായ സന്ദേശം പകര്‍ന്നുകൊണ്ടാകരുത്''.

 

മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ കുറച്ചു വര്‍ഷങ്ങളായി ശ്വാസകോശ രോഗങ്ങള്‍ക്കു ചികിത്സയില്‍ ആയിരുന്നു. കഴിഞ്ഞ ജനുവരിയില്‍ കോവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് ശ്വാസകോശ രോഗം ഗുരുതരമായത്. ശ്വാസകോശത്തില്‍ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാസാഗറിന്റെ ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാത്തതുകൊണ്ട് ശസ്ത്രക്രിയ നീണ്ടുപോവുകയായിരുന്നു. 2009 ജൂണിലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്. വിദ്യാസാഗറിനും മീനയ്ക്കും നൈനിക എന്ന ഒരു മകളാണുള്ളത്.

 

 

OTHER SECTIONS