കുടിക്കാന്‍ ഒരു കുപ്പി മദ്യത്തിന് 1.5 ലക്ഷം; ആര്‍ഭാടത്തിന്റെ ആള്‍രൂപമായി കിം ജോംഗ് ഉന്‍

By Shyma Mohan.26 Apr, 2018

imran-azhar


    പ്യോംഗ്‌യാംഗ്: ഉത്തര കൊറിയയുടെ വിവാദ പരമോന്നത നേതാവ് കിം ജോംഗ് ഉന്‍ ആര്‍ഭാടത്തിന്റെ ആള്‍രൂപമെന്ന് റിപ്പോര്‍ട്ട്. അഞ്ച് ബില്യന്‍ യുഎസ് ഡോളര്‍ (500 കോടി ഡോളര്‍) ആസ്തിയുള്ള കിം ജോംഗ് ഉന്നിന് സ്വന്തം രാജ്യത്തെ ദരിദ്ര നാരായണന്‍മാര്‍ക്ക് ആശ്വാസമേകാന്‍ കഴിയുമെങ്കിലും അതല്ല അദ്ദേഹത്തിന്റെ പാത. പ്രതിവര്‍ഷം 600 ദശലക്ഷം ഡോളര്‍ കിം ജോംഗ് ഉന്‍ ചെലവഴിക്കുന്നത് തന്റെ ആഢംബര ജീവിതത്തിനു വേണ്ടി മാത്രം. 30 ദശലക്ഷം ഡോളറാണ് ഓരോ വര്‍ഷവും വിദേശ രാജ്യങ്ങളില്‍ നിന്നും മുന്തിയ ഇനം മദ്യം ഇറക്കുമതി ചെയ്യുന്നതിന് കിം ജോംഗ് ഉന്‍ ചെലവഴിക്കുന്നത്. ഒരു കുപ്പിയ്ക്ക് 2145 ഡോളര്‍ വരെ വിലയുള്ള ഹെന്നീസി അടക്കമുള്ള മദ്യമാണ് ഉത്തര കൊറിയയുടെ രാഷ്ട്രത്തലവന്‍ വാങ്ങുന്നത്. ഭക്ഷണ കാര്യത്തിലും കിം മോശമല്ല. ഡെന്‍മാര്‍ക്കില്‍ നിന്നും മുന്തിയ ഇനം പന്നിയും ഇറാനില്‍ നിന്നും വിശിഷ്ട മത്സ്യവും ചൈനയില്‍ നിന്നും മത്തനും ജപ്പാനിലെ വിശിഷ്ട മാംസ ഭക്ഷണവും കിമ്മിന് നിര്‍ബന്ധമാണ്. ദശലക്ഷക്കണക്കിന് ഡോളറാണ് ഭക്ഷണത്തിന് മാത്രമായി കിം ചെലവിടുന്നത്. ചെലവഴിക്കാന്‍ ശതകോടികള്‍ പോക്കറ്റിലുള്ളപ്പോള്‍ സ്വന്തം രാജ്യത്തെ കടയില്‍ നിന്നും സിഗരറ്റ് വാങ്ങുക മോശം. ഫ്രഞ്ച് ഡിസൈനര്‍ സിഗരറ്റുകളോടാണ് കിമ്മിന് കമ്പം. ഒരു പാക്കറ്റിന് 44 ഡോളര്‍ വിലയുള്ളതും അത് സൂക്ഷിക്കാനായി 165 ഡോളര്‍ വിലയുള്ള ലെതര്‍ കേയ്‌സുമാണ് കിം ഉപയോഗിക്കുന്നത്. ഇവയ്‌ക്കെല്ലാം പുറമെയാണ് 2009 മുതല്‍ ഭാര്യയായുള്ള റി സോള്‍ ജുന്നിന് സര്‍ക്കാര്‍ ചെലവില്‍ വമ്പന്‍ സമ്മാനങ്ങളും നല്‍കുന്നത്. 1457 ഡോളര്‍ വിലയുള്ള ഹാന്‍ഡ് ബാഗാണ് ഭാര്യക്ക് സമ്മാനമായി നല്‍കിയത്. ഏറെ തിരക്കുകളുണ്ടെങ്കിലും ഉത്തര കൊറിയന്‍ നേതാവിന്റെ സിനിമാ കമ്പവും പ്രസിദ്ധമാണ്. 20000 ചിത്രങ്ങളുടെ ഡിവിഡി ശേഖരവും കിമ്മിന് സ്വന്തം. 1000 സീറ്റ് കപ്പാസിറ്റിയുള്ള ആഢംബര സിനിമാ തിയേറ്ററും കിമ്മിനുണ്ട്. ഇവയ്‌ക്കെല്ലാം പുറമെയാണ് മേഴ്‌സിഡസ് ബെന്‍സ് അടക്കം നൂറോളം ആഢംബര കാറുകളും കിം സ്വന്തമാക്കിയിരിക്കുന്നത്.


OTHER SECTIONS