ചാള്‍സ് മൂന്നാമന്‍ ഇനി ബ്രിട്ടീഷ് രാജാവ്

By Shyma Mohan.10 09 2022

imran-azhar

 

ലണ്ടന്‍: ബ്രിട്ടീഷ് രാജവംശത്തിന്റെ പുതിയ രാജാവായി ചാള്‍സ് മൂന്നാമന്‍ ബുധനാഴ്ച അധികാരമേറ്റു. സെന്റ് ജെയിംസ് കൊട്ടാരത്തിലായിരുന്നു സ്ഥാനാരോഹണ ചടങ്ങുകള്‍.

 

രാജകുടുംബങ്ങളും പ്രധാനമന്ത്രിയും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും, സിവില്‍ ഉദ്യോഗസ്ഥര്‍, കോമണ്‍വെല്‍ത്ത് ഹൈക്കമ്മീഷണര്‍മാര്‍, ലണ്ടന്‍ മേയര്‍, കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പും അടങ്ങുന്ന ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ രാജാവായി ചാള്‍സ് മൂന്നാമനെ പ്രഖ്യാപിച്ചു.

 

ചാള്‍സ് രാജാവിന്റെ മകനും അവകാശിയുമായ വില്യം, ഭാര്യ കാമില, ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് എന്നിവരും പ്രഖ്യാപനത്തില്‍ ഒപ്പുവെച്ചു. തന്റെ മേല്‍ ചുമത്തപ്പെട്ടിരിക്കുന്ന ഭാരിച്ച ദൗത്യം നിര്‍വ്വഹിക്കുന്നതിനായി ബാക്കി ജീവിതം സമര്‍പ്പിക്കുന്നതായി സ്ഥാനാരോഹണചടങ്ങിനുശേഷം ചാള്‍സ് രാജാവ് പ്രഖ്യാപിച്ചു. സര്‍വ്വശക്തനായ ദൈവത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിനും സഹായത്തിനും പ്രാര്‍ത്ഥിക്കുന്നതായും ചാള്‍സ് രാജാവ് പറഞ്ഞു.

 

യുണൈറ്റഡ് കിംഗ്ഡത്തിന്റെ മറ്റ് തലസ്ഥാന നഗരങ്ങളായ സ്‌കോട്ട്‌ലാന്‍ഡിലെ എഡിന്‍ബര്‍ഗ്, നോര്‍ത്തേണ്‍ അയര്‍ലാന്റിലെ ബെല്‍ഫാസ്റ്റ്, വെയില്‍സിലെ കാര്‍ഡിഫ് എന്നിവിടങ്ങളിലും കൂടാതെ മറ്റ് സ്ഥലങ്ങളിലും ഈ പ്രഖ്യാപനം പരസ്യമായി വായിക്കാന്‍ സജ്ജമാക്കിയിട്ടുണ്ട്.

 

രാജ്ഞിയുടെ മരണത്തിന് പിന്നാലെ പകുതി താഴ്ത്തിക്കെട്ടിയ പതാക പുതിയ രാജാവ് അധികാരമേല്‍ക്കുന്ന ഒരു മണിക്കൂര്‍ ഉയര്‍ത്തിക്കെട്ടി. വീണ്ടും ദുഃഖാചരണത്തിന്റെ ഭാഗമായി പതാക പകുതി താഴ്ത്തിക്കെട്ടും. രാജ്ഞിയുടെ സംസ്‌കാരം കഴിഞ്ഞ് ഏഴു ദിവസം വരെയാണ് ദുഃഖാചരണം.

 

ചാള്‍സ് രാജാവിന്റെ സ്ഥാനാരോഹണ ഔദ്യോഗിക ചടങ്ങുകള്‍ ദുഃഖാചരണത്തിനുശേഷം നടത്തും. ജോര്‍ജ്ജ് ആറാമന്‍ രാജാവന്‍ അന്തരിച്ചതിന് പിന്നാലെ എലിസബത്ത് രാജ്ഞിയുടെ സ്ഥാനാരോഹണം നടത്തിയെങ്കിലും പൂര്‍ണ്ണ ചടങ്ങുകളോടെ ഔദ്യോഗിക നടപടിക്രമങ്ങള്‍ ദുഃഖാചരണത്തിന്റെ കാലം കഴിഞ്ഞ് ഒരു വര്‍ഷത്തിനുശേഷമാണ് നടത്തിയത്.

 

OTHER SECTIONS