കുല്‍ഭൂഷണ്‍ ജാദവ്: കേസ് വീണ്ടും പരിഗണിക്കണമെന്ന ആവശ്യവുമായി പാകിസ്ഥാന്‍

By Shyma Mohan.19 May, 2017

imran-azhar


    ഇസ്ലാമാബാദ്: കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ ഇന്ത്യക്കനുകൂലമായി വിധി പ്രഖ്യാപിച്ചതിനെതിരെ വീണ്ടും വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കും. അടുത്ത ആറാഴ്ചക്കുള്ളില്‍ കേസ് വീണ്ടും പരിഗണിക്കണമെന്ന് പാകിസ്ഥാന്‍ ആവശ്യപ്പെടും. കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ നടപ്പാക്കുന്നത് ഇന്നലെ അന്താരാഷ്ട്ര കോടതി സ്‌റ്റേ ചെയ്തിരുന്നു. കേസില്‍ അന്തിമ വിധി പ്രഖ്യാപിക്കുംവരെ വധശിക്ഷ നടപ്പാക്കരുതെന്നാണ് ജഡ്ജി റോണി എബ്രഹാം ഉത്തരവിട്ടത്. കേസില്‍ ഇടപെടാന്‍ ഇന്ത്യക്ക് അവകാശമുണ്ടെന്ന് കോടതി വിലയിരുത്തുക മാത്രമല്ല, പാകിസ്ഥാന്‍ കേസില്‍ തിടുക്കം കാണിക്കുന്നു എന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു. അന്താരാഷ്ട്രതലത്തില്‍ പാകിസ്ഥാന് കനത്ത തിരിച്ചടി നല്‍കിയ കോടതി വിധിക്ക് പിന്നാലെ രാജ്യത്തെ പ്രതിപക്ഷ കക്ഷികളും പാക് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ വീണ്ടും കോടതി കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. കേസ് വാദിക്കാന്‍ പ്രത്യേക അഭിഭാഷക സംഘത്തെയും പാകിസ്ഥാന്‍ നിയമിക്കും.