ഉത്തരാഖണ്ഡില്‍ വന്‍ ഉരുള്‍പൊട്ടല്‍: 15000 ടൂറിസ്റ്റുകള്‍ കുടുങ്ങി

By Shyma Mohan.19 May, 2017

imran-azhar

 
    ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ഹാത്തി പര്‍വതില്‍ ഉണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ 15000 ടൂറിസ്റ്റുകള്‍ കുടുങ്ങി. ഉരുള്‍പൊട്ടലില്‍ ആളപായമുള്ളതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചമോലി ജില്ലയിലെ ജോഷിമത്തില്‍ നിന്നും 9 കിലോമീറ്റര്‍ അകലെയുള്ള വിഷ്ണുപ്രയാഗിനടുത്തുള്ള ഹാത്തി പര്‍വതിലാണ് ഉരുള്‍പൊട്ടലുണ്ടായത്. വന്‍ പാറക്കഷ്ണങ്ങളാണ് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദേശീയപാതയില്‍ വീണുകിടക്കുന്നത്. 150 മീറ്ററോളം പ്രദേശം ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് അവശിഷ്ടങ്ങള്‍ കുമിഞ്ഞുകൂടിയിട്ടുണ്ട്. ബദരീനാഥിലേക്കുള്ള ചാര്‍ ദാം യാത്ര ഇതോടെ തടസപ്പെട്ടു. 60 മീറ്ററോളം ഋഷികേശ് - ബദരീനാഥ് ദേശീയപാത തകര്‍ന്നു. ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനും(ബി.ആര്‍.ഒ) പോലീസും സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി വരികയാണ്. തടസങ്ങള്‍ നീക്കി റോഡുകള്‍ ഗതാഗത യോഗ്യമാക്കുകയാണ് അടിയന്തിര ആവശ്യമെന്ന് ചമോലി പോലീസ് സൂപ്രണ്ട് തൃപ്തി ഭട്ട് പറഞ്ഞു. അതേസമയം ബദരീനാഥ് ഹൈവേയിലെ തടസങ്ങള്‍ നീക്കുവാന്‍ രണ്ട് ദിവസമെടുക്കുമെന്നാണ് ബി.ആര്‍.ഒഅധികൃതര്‍ അറിയിച്ചത്.

loading...

OTHER SECTIONS