ലൈഫ് മിഷന്‍ കരാര്‍ ക്രമക്കേട്; സ്വപ്ന സുരേഷിനെ നാളെ ചോദ്യം ചെയ്യും

By parvathyanoop.03 10 2022

imran-azhar

 

 

എറണാകുളം:  ലൈഫ് മിഷന്‍ കരാര്‍ സംബന്ധിച്ച കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി സി ബി ഐ. ഈ കേസില്‍ സ്വപ്ന സുരേഷിനെ ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യും. ഇന്ന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും അസൗകര്യം അറിയിച്ചതിനാല്‍ സ്വപ്നയുടെ ചോദ്യം ചെയ്യല്‍ നാളത്തേക്ക് മാറ്റിവച്ചു.

 

എം ശിവശങ്കറിനെതിരായ തെളിവുകളില്‍ വ്യക്തത വരുത്താന് വേണ്ടിയാണ് വീണ്ടും വിളിപ്പിച്ചിരിക്കുന്നത്.സ്വര്‍ണക്കടത്ത് കേസിന് അനുബന്ധമായ ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസ് കുറ്റപത്രം നല്‍കിയതിന് പിന്നാലെയാണ് ലൈഫ് മിഷന്‍ കേസിലെ സി ബി ഐ അന്വേഷണവും ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 10ന് സി ബി ഐ കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് സ്വപ്ന സുരേഷിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

 

ലൈഫ് മിഷന്‍ ഭവന നിര്‍മ്മാണ കരാര്‍ ലഭിക്കാന്‍ നാലരക്കോടിയോളം രൂപയുടെ കമ്മീഷന്‍ ഇടപാട് നടന്നുവെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ വെളിപ്പെടുത്തിയിരുന്നു.നിര്‍മ്മാണ കരാര്‍ ലഭിച്ചതില്‍ കമ്മീഷന്‍ നല്‍കേണ്ടി വന്നുവെന്ന് യൂണിടാക് എം ഡി സന്തോഷ് ഈപ്പന്റെ മൊഴിയിലുമുണ്ട്.

 

കൈക്കൂലി പണം നല്‍കിയ ശേഷമാണ് തനിക്ക് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ നേരില്‍ കാണാന്‍ അനുമതി ലഭിച്ചതെന്നും, ലൈഫ് സി ഇ ഒ യു വി ജോസിനെ പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്നും സന്തോഷ് ഈപ്പന്‍ അന്വേഷണ ഏജസികള്‍ക്ക് മൊഴി നല്‍കിയിരുന്നു.

 

ശിവശങ്കറിനെതിരായ മൊഴികളില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് സ്വപ്നയെ ചോദ്യം ചെയ്യുന്നത്. അടുത്ത ഘട്ടത്തില്‍ എം ശിവശങ്കര്‍ അടക്കമുള്ളവരെയും ചോദ്യം ചെയ്യും.

 

 

OTHER SECTIONS