ലോക്ക്ഡൗണ്‍ ; നഗരാതിര്‍ത്തികള്‍ അടച്ചുള്ള കര്‍ശന പരിശോധന തുടരുന്നു.

By online desk .14 07 2020

imran-azharതിരുവനന്തപുരം: തലസ്ഥാനത്ത് ലോക്ക്ഡൗണിനോട് അനുബന്ധിച്ചുള്ള സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി നഗരാതിര്‍ത്തികള്‍ പൂര്‍ണ്ണമായും അടച്ചുകൊണ്ടുള്ള ശക്തമായ പോലീസ് പരിശോധന തുടരവെ നഗരത്തില്‍ വിലക്കുലംഘനം നടത്തിയ 38 പേര്‍ക്കെതിരെ ഇന്നലെ (12.07.2020) എപ്പിഡെമിക് ഡിസീസസ് ഓര്‍ഡിനന്‍സ് 2020 പ്രകാരം കേസെടുത്തതായി ഐജിപിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബല്‍റാംകുമാര്‍ ഉപാദ്ധ്യായ അറിയിച്ചു. അനാവശ്യയാത്ര നടത്തിയ 19 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങി സഞ്ചരിച്ച 96 പേര്‍ക്കെതിരേയും കേസെടുത്തു. അതേസമയം നഗരത്തിലെ കോവിഡ് രോഗവ്യാപനം രൂക്ഷമായ അതീവനിയന്ത്രിതമേഖലകളില്‍ പോലീസ് നടപടി കൂടുതല്‍ ശക്തമായി തുടരുന്നതായും കമ്മീഷണര്‍ അറിയിച്ചു.

 


നഗരത്തില്‍ ലോക്ക് ഡൌണ്‍ ഇളവുകള്‍ അനുവദിച്ച സാഹചര്യത്തില്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിട്ടുള്ള കടകള്‍ രാവിലെ 07.00 മുതല്‍ 12.00 മണി വരെയും വൈകുന്നേരം 04.00 മണി മുതല്‍ 06.00 മണിവരെയും വില്‍പ്പന നടത്താവുന്നതാണ്. ഉച്ചക്ക് 01.00 മണി മുതല്‍ 03.00 മണി വരെ സ്റ്റോക്ക് എടുക്കുന്നതിന് അനുവദിക്കും. ഈ സമയത്ത് സാധനങ്ങള്‍ വില്‍ക്കുവാന്‍ പാടില്ല. കൂടാതെ കുടുംബശ്രീ ഹോട്ടലുകളില്‍ നിന്നുമുള്ള ഭക്ഷണ പാര്‍സലുകള്‍ ഒഴികെ കടകളില്‍ നിന്നും മറ്റൊരു തരത്തിലുമുള്ള ഹോം ഡെലിവറിയും അനുവദിക്കില്ല. കടകളില്‍ സാമൂഹിക അകലം കൃത്യമായും പാലിക്കേണ്ടതാണ്.

 

സാമൂഹികഅകലവും സമയക്രമവും പാലിക്കാതെ രോഗവ്യാപനം ഉണ്ടാകുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ക്കെതിരെ കേസെടുത്തു പൂട്ടിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. അതുപോലെ ലോക്ക് ഡൌണ്‍ ഇളവുകളുടെ ഭാഗമായി അനുവദിച്ച ഓട്ടോ റിക്ഷാ, ടാക്‌സി സര്‍വീസുകളില്‍ സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്. വാഹനങ്ങളില്‍ യാത്രക്കാര്‍ക്ക് കാണാന്‍ കഴിയുന്ന വിധത്തില്‍ ഡ്രൈവരുടെ പേരും, ഫോണ്‍ നമ്പരും, വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പരും എഴുതി പ്രദര്‍ശിപ്പിക്കേണ്ടതാണ്. കൂടാതെ എല്ലാ ആട്ടോറിക്ഷാ- ടാക്‌സി വാഹനങ്ങളിലും ഒരു ട്രിപ്പ് ഷീറ്റ് ബുക്ക് സൂക്ഷിക്കേണ്ടതും, ഈ ബുക്കില്‍ ഓരോ ദിവസവും ആ വാഹനത്തില്‍ യാത്ര ചെയ്യുന്നവരുടെ പേര്, ഫോണ്‍ നമ്പര്‍, കയറിയതും ഇറങ്ങിയതുമായ സ്ഥലങ്ങള്‍, സമയം എന്നിവ നിര്‍ബന്ധമായും രേഖപ്പെടുത്തേണ്ടതുമാണ്.

 

സ്ത്രീ യാത്രക്കാരുടെ ഉറ്റ ബന്ധുക്കളുടെ ഫോണ്‍ നമ്പര്‍ മാത്രമേ ട്രിപ്പ് ഷീറ്റില്‍ രേഖപ്പെടുത്താന്‍ പാടുള്ളൂ. ഡ്രൈവര്‍മാര്‍ നിര്‍ബന്ധമായും മാസ്‌ക്, കൈയ്യുറ എന്നിവ ശരിയായ രീതിയില്‍ ധരിക്കേണ്ടതും സാനിറ്റൈസര്‍ വാഹനത്തില്‍ സൂക്ഷിക്കേണ്ടതുമാണ്. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ക്കശമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും, യാത്രക്കാര്‍ക്ക് ഇതു സംബന്ധിച്ച എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ 0471-255 8731, 0471-2558732 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.


രോഗവ്യാപനം ഉണ്ടാകുന്ന വിധത്തില്‍ ലോക്ക്ഡൗണ്‍ വിലക്ക് ലംഘനം നടത്തി അനാവശ്യമായി പുറത്തിറങ്ങി കറങ്ങിയ 38 പേര്‍ക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓര്‍ഡിനന്‍സ്-2020 പ്രകാരമാണ് ഇന്നലെ വിവിധ സ്റ്റേഷനുകളില്‍ കേസുകളെടുത്തത്. കൂടുതല്‍ കേസുകള്‍ എടുത്തത് തമ്പാനൂര്‍, വിഴിഞ്ഞം സ്റ്റേഷനുകളിലാണ്. അനാവശ്യയാത്ര നടത്തിയ 19 വാഹനങ്ങള്‍ പിടിച്ചെടുത്തു. 17 ഇരുചക്രവാഹനങ്ങളും ഒരു കാറും ഒരു ആട്ടോറിക്ഷയുമാണ് പിടിച്ചെടുത്തത്. ഈ വാഹനങ്ങള്‍ ലോക്ക്ഡൗണ്‍ കാലാവധി കഴിഞ്ഞ ശേഷമേ വിട്ടു നല്‍കുകയുള്ളൂ. പുറത്തിറങ്ങുന്ന എല്ലാപേരും നിര്‍ബ്ബന്ധമായും മാസ്‌ക് ധരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം അവഗണിച്ചുകൊണ്ട് മാസ്‌ക് ധരിക്കാതെയും, ശരിയായ രീതിയില്‍ ധരിക്കാതെ, കഴുത്തിലും താടിയിലും വെറുതെ മാസ്‌ക്കിട്ടു നടന്നവരുമായ 96 പേര്‍ക്കെതിരെയാണ് വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിയമനടപടി സ്വീകരിച്ചത്. മാസ്‌ക് ധരിക്കാത്തതിനു ഒരാളെ രണ്ടാമതും പോലീസ് പിടികൂടിയാല്‍ അയാളെ നിര്‍ബന്ധിത ക്വാറന്റൈനില്‍ ആക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.


നഗരാതിര്‍ത്തികള്‍ അടച്ചുകൊണ്ടുള്ള പോലീസ് പരിശോധന രാത്രിയും പകലും ശക്തമായി തുടരും. രോഗവ്യാപനം ദിനംപ്രതി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പോലീസ് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളോട് പൊതു ജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണം. രോഗവ്യാപനം തടയുന്നതിനായി ജാഗ്രതാ നിര്‍ദേശങ്ങള്‍ എല്ലാപേരും പാലിക്കണമെന്നും, വിലക്ക് ലംഘനം നടത്തുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായ അറിയിച്ചു.


 

 

OTHER SECTIONS