പുത്തന്‍ ദൗത്യവുമായി എംഡി മലബാര്‍ വിഴിഞ്ഞത്ത്

By online desk .22 10 2020

imran-azhar

 

 

വിഴിഞ്ഞം: കപ്പലുകളില്‍ നിന്ന് തൊഴിലാളികളെ കരക്കെത്തിക്കാനും തിരികെ കയറ്റാനുമുള്ള പുതിയ ദൗത്യവുമായി എംഡി മലബാര്‍ വിഴിഞ്ഞത്ത് നങ്കൂരമിട്ടു. ഇന്നലെ വൈകുന്നേരം മൂന്നോടെ കൊല്ലത്ത് നിന്ന് തുറമുഖ തീരത്തണഞ്ഞ കൂറ്റന്‍ ടഗ്ഗായ മലബാറിനെ തുറമുഖ വകുപ്പധികൃതര്‍ എതിരേറ്റു. കേരള മാരിടൈം ബോര്‍ഡിന് സ്വന്തമായുള്ള ഇന്ത്യന്‍ രജിസ്ട്രാര്‍ ഓഫ് ഷിപ്പിംഗ് (ഐആര്‍എസ്) ക്ലാസില്‍പ്പെട്ട രണ്ട് ടഗ്ഗുകളില്‍ ഒന്നാണ് എംഡി മലബാര്‍. നാല് മാസം മുന്‍പാണ് ക്രൂചേഞ്ചിംഗിനായി വിഴിഞ്ഞത്ത് ആദ്യമായി ചരക്ക് കപ്പല്‍ അടുത്തത്.

 

തീരത്തിനും ഏഴ് കിലോമീറ്റര്‍ ഉള്‍ക്കടലില്‍ നങ്കൂരമിട്ട കൂറ്റന്‍ ചരക്ക് കപ്പലില്‍
നിന്നുള്ള തൊഴിലാളികള്‍ക്കായി മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ വാടകബോട്ട് ഉപയോഗിച്ചിരുന്നു. കടല്‍ പട്രോളിംഗിനുള്ള ബോട്ട് വിട്ട് നല്‍കാന്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ മടികാണിച്ചതോടെ ആ ദൗത്യം കപ്പല്‍ ഏജന്‍സികള്‍ കൊണ്ടുവന്ന സ്വോഹ ഏറ്റെടുത്തു.

 

വിഴിഞ്ഞം ലക്ഷ്യമാക്കി ചരക്കുകപ്പലുകളുടെ വരവ് കൂടിയതോടെ ബന്ധപ്പെട്ട അധികൃതര്‍ ഉണര്‍ന്നു. മാരിടൈം ബോര്‍ഡിന്റെ വകയായ ചാലിയാറിനെ വിഴിഞ്ഞത്തേക്ക് പറഞ്ഞയച്ചു. പക്ഷെ കരയിലേക്ക് വരുന്നതും തിരികെ കപ്പലില്‍ കയറാനുള്ളതുമായ കൂടുതല്‍ തൊഴിലാളികളെ കയറ്റാനുള്ള ശേഷി ചാലിയാറിന് ഇല്ലെന്നായി. ആ കുറവ് പരിഹരിക്കാനുള്ള കരുത്തുമായാണ് 2015ല്‍ നീറ്റിലിറങ്ങിയ മലബാറിന്റെ വിഴിഞ്ഞത്തേയ്ക്കുള്ള വരവ്. പത്ത് ടണ്‍ ബൊള്ളാര്‍ഡ് പുള്‍ ശേഷിയുള്ള മലബാര്‍ എത്ര പേരെ വേണമെങ്കിലും വഹിക്കും. പ്രതികൂല കാലാവസ്ഥയെയും തറപറ്റിക്കാന്‍ കരുത്തുള്ള മലബാര്‍ തന്റെ പിന്‍ഗാമിയെത്തുന്നതു വരെ വിഴിഞ്ഞത്ത് തുടരും.

 

ക്രൂ ചേഞ്ചിംഗിന് കരുത്ത് പകരാന്‍ ധ്വനി ഉടനെത്തും

 

ക്രൂ ചേഞ്ചിംഗിന് കരുത്ത് പകരാന്‍ വിഴിഞ്ഞത്തിന്റെ സ്വന്തം ധ്വനി ഉടനെത്തും. ഗോവയിലെ നിര്‍മാണ കേന്ദ്രത്തില്‍ നിന്ന് ബേപ്പൂര്‍ വഴി രണ്ട് ദിവസം മുന്‍പ് കൊല്ലം തുറമുഖത്ത് നങ്കൂരമിട്ട ധ്വനി കമ്മീഷനിംഗ് എന്ന കടമ്പ കാത്തു കിടപ്പാണ്. കേരള മാരിടൈം ബോര്‍ഡ് നാലരക്കോടിയോളം മുടക്കി  പുതിയതായി നിര്‍മിച്ച രണ്ട് ടഗ്ഗുകളില്‍ ഒന്നാണ് ധ്വനി. മറ്റൊന്നിനെ ബേപ്പൂര്‍ തുറമുഖത്തിന്റെ ജോലിക്കും നിയോഗിക്കും. അടുത്ത മാസം തന്നെ അധികൃതരുടെ അനുവാദത്തോടെയും ആശിര്‍വാദത്തോടെയും
ധ്വനി വിഴിഞ്ഞത്ത് എത്തുമെന്നാണ് തുറമുഖ വകുപ്പധികൃതരുടെ വിശ്വാസം.

 

 

 

OTHER SECTIONS