ഗുജറാത്തിന് പിന്നാലെ മധ്യപ്രദേശിലും പെട്രോള്‍, ഡീസല്‍ നികുതി കുറച്ചു

By Shyma Mohan.13 Oct, 2017

imran-azhar


    ഭോപ്പാല്‍: മധ്യപ്രദേശില്‍ പെട്രോള്‍, ഡീസല്‍ നികുതി കുറക്കാനും സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന പ്രത്യേക സെസും പിന്‍വലിക്കാന്‍ തീരുമാനം. പെട്രോളിന് മൂന്ന് ശതമാനവും ഡീസലിന് അഞ്ചു ശതമാനവുമാണ് നികുതി കുറയ്ക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പെട്രോള്‍ നികുതി 31 ശതമാനത്തില്‍ നിന്ന് 28 ആയും ഡീസല്‍ നികുതി 27ല്‍ നിന്ന് 22 ആയും കുറയും. ഇതോടെ പെട്രോളിന് 1.70 രൂപയും ഡീസലിന് 4 രൂപയും കുറയും.

നികുതിക്ക് പുറമെ പെട്രോളിനും ഡീസലിനും ചുമത്തിയിരുന്ന പ്രത്യേക സെസായ 1.50 രൂപയും പിന്‍വലിക്കാന്‍ തീരുമാനിച്ചു. മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാനുമായി ചേര്‍ന്ന കൂടിക്കാഴ്ചക്കുശേഷം സംസ്ഥാന ധനമന്ത്രി ജയന്ത് മാലിയയാണ് ഇക്കാര്യം അറിയിച്ചത്. പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറയ്ക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശ് സര്‍ക്കാരിന് പുറമെ ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍പ്രദേശിലും നികുതി കുറച്ചിരുന്നു.

OTHER SECTIONS