ശ്രീ എം മതനിരപേക്ഷതയുടെ പ്രതീകം എം. വി. ഗോവിന്ദൻമാസ്റ്റർ, ഒരു ചുക്കും അറിയാത്ത ജമാഅത്തെ ഇസ്ലാമി പലതും പറയുമെന്നും സി.പി.എം നേതാവ്

By അനിൽ പയ്യമ്പള്ളി.01 03 2021

imran-azhar

തിരുവനന്തപുരം: ശ്രീ എം ഇന്ത്യയിലെ മതനിരപേക്ഷതയുടെ പ്രതീകമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എം. വി. ഗോവിന്ദൻ. അദ്ദേഹത്തെ കുറിച്ച് ഒരു ചുക്കും അറിയാത്തവരാണ് ഓരോന്ന് പറയുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

വർഷങ്ങളായി ശ്രീ എം ഇന്ത്യയിലും കേരളത്തിലും മതനിരപേക്ഷതയുടെ പ്രതീകമായി പ്രവർത്തിക്കുകയാണ്. ആരോപണങ്ങൾ ഉന്നയിക്കുന്നവർക്ക് എന്തും പറയാം. തെളിവുകളൊന്നുമില്ല.

സിപിഎം-ആർഎസ്എസ് ചർച്ചയ്ക്ക് ശ്രീ എം ഇടനില നിന്നുവെന്ന് പറയുന്നവർ എവിടെവെച്ച്, ഏത് ഹോട്ടലിൽവെച്ചെന്ന് പറയണമെന്നും എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വർഗീയ പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമി മതനിരപേക്ഷവാദിയായ അദ്ദേഹത്തെ കുറിച്ച് പലതും പറയുമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

ഇക്കണോമിക് ടൈംസ് ഡൽഹി ലേഖകനായ ദിനേഷ് നാരായണൻ രചിച്ച 'ആർ.എസ്.എസ് ആന്റ് ദ മേക്കിംഗ് ഓഫ് ദ ഡീപ് നേഷൻ' എന്ന പുസ്തകത്തിലൂടെയാണ് കൂടിക്കാഴ്ച സംബന്ധിച്ച വിവരം പുറത്തായത്. മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അതീവ രഹസ്യമായി ആർ.എസ്.എസ് നേതാക്കളായ ഗോപാലൻകുട്ടി മാസ്റ്റർ, വത്സൻ തില്ലങ്കേരി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശ്രീ എം മധ്യസ്ഥത വഹിച്ചുവെന്ന് പുസ്തകത്തിൽ പറയുന്നു. ശ്രീ എമ്മിന് സംസ്ഥാന സർക്കാർ സൗജന്യ ഭൂമി നൽകിയത് വിവാദമായതോടെയാണ് പുസ്തകം വീണ്ടും ചർച്ചയായത്.

 

 

 

 

 

OTHER SECTIONS