By Web Desk.24 04 2022
പാരിസ്: ഫ്രാന്‍സില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇമ്മാനുവല്‍ മാക്രോണിനു വിജയം. 58.2 ശതമാനം വോട്ടു നേടിയാണ് രണ്ടാം തവണയും മക്രോണ്‍ അധികാരം നിലനിര്‍ത്തിയത്. മാക്രോണിന്റെ എതിരാളി, തീവ്ര വലതുപക്ഷ നിലപാടുള്ള മരീന്‍ ലെ പെന്നിന് 41.8 ശതമാനം വോട്ടു ലഭിച്ചു.
നേരിയ ഭൂരിപക്ഷത്തോടെ മാക്രോണ്‍ ജയിച്ചേക്കുമെന്ന അഭിപ്രായ വോട്ടെടുപ്പുകള്‍ ശരിവയ്ക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. 2002 ല്‍ ജാക് ഷിറാക്കിനു ശേഷം ഭരണത്തുടര്‍ച്ച നേടുന്ന ആദ്യ ഫ്രഞ്ച് പ്രസിഡന്റാണ് മാക്രോണ്‍.
ഏറെ അനിശ്ചിതത്വം നിറഞ്ഞ തിരഞ്ഞെടുപ്പില്‍ ഇന്ധനവിലക്കയറ്റം അടക്കമുള്ള പ്രശ്നങ്ങളാണ് എതിരാളികള്‍ മാക്രോണിനെതിരെ ചൂണ്ടിക്കാട്ടിയത്. ഭരണവിരുദ്ധ വികാരം മുതലാക്കാനായിരുന്നു ലെ പെന്നിന്റെ ശ്രമം. എന്നാല്‍, ലെ പെന്നിന്റെ തീവ്രവലതുപക്ഷ നിലപാടുകളെയാണ് മാക്രോണ്‍ പ്രചരണായുധമാക്കിയത്.
ജൂണില്‍ നടക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും വിജയം നേടുന്നതാവും മാക്രോണിന്റെ അടുത്ത വെല്ലുവിളി. മക്രോണിന്റെ സാമ്പത്തിക നയങ്ങളില്‍ വ്യാപകമായ അതൃപ്തിയാണുള്ളത്. വിജയകരമായ കോവിഡ് പ്രതിരോധമാണ് മാക്രോണിനെ തുണച്ചത് എന്നാണ് വിലയിരുത്തല്‍.