ഏറ്റവും വൃത്തിയുള്ള മൂന്നാമത്തെ സംസ്ഥാനമായി മഹാരാഷ്ട്ര, ആദ്യ രണ്ട്...

By Shyma Mohan.01 10 2022

imran-azhar

 

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമായി മധ്യപ്രദേശിനെ തിരഞ്ഞെടുത്തു. സ്വച്ഛ് സര്‍വേക്ഷന്‍ അവാര്‍ഡ് 2022ലാണ് മധ്യപ്രദേശ് വൃത്തിയുള്ള സംസ്ഥാനമായി പട്ടികയില്‍ ഏറ്റവും മുന്നില്‍ ഇടം നേടിയിരിക്കുന്നത്.

 

ഛത്തീസ്ഗഡ് രണ്ടാം സ്ഥാനത്തും മഹാരാഷ്ട്ര മൂന്നാം സ്ഥാനത്തും ഇടം നേടി. കേന്ദ്ര ഭവന നഗരകാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പുരി പങ്കെടുത്ത ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു വിജയികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു.

 

ഇന്‍ഡോര്‍ തുടര്‍ച്ചയായി ആറാം തവണയും ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ വാര്‍ഷിക ശുചിത്വ സര്‍വ്വേ പ്രകാരം ഇന്‍ഡോറിന് പിന്നാലെ സൂറത്തും നവി മുംബൈയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

 

ഇന്‍ഡോറും സൂറത്തും ഈ വര്‍ഷം വലിയ നഗരങ്ങളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ വിജയവാഡ ഒരു സ്ഥാനം പിന്നിലായി. നവി മുംബൈയാണ് ഈ വര്‍ഷം മൂന്നാം സ്ഥാനത്ത് ഇടം നേടിയത്. നൂറില്‍ താഴെ നഗര തദ്ദേശ സ്ഥാപനങ്ങളുള്ള സംസ്ഥാനങ്ങളില്‍ ത്രിപുര ഒന്നാം സ്ഥാനം നേടിയതായി സര്‍വ്വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു.

 

ഒരുലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തില്‍ മഹാരാഷ്ട്രയിലെ പഞ്ചഗണി ഒന്നാം സ്ഥാനത്തും ഛത്തീസ്ഗഡിലെ പടാന്‍ രണ്ടാം സ്ഥാനത്തും മഹാരാഷ്ട്രയിലെ കര്‍ഹാദ് മൂന്നാം സ്ഥാനത്തുമാണ്. ഒരുലക്ഷത്തിലധികം ജനസംഖ്യയുള്ള വിഭാഗത്തില്‍ ഹരിദ്വാറിനെ ഏറ്റവും വൃത്തിയുള്ള ഗംഗാ പട്ടണമായി തിരഞ്ഞെടുത്തു. വാരണസിയും ഋഷികേശുമാണ് തൊട്ടുപിന്നില്‍.

OTHER SECTIONS