42 എംഎല്‍എമാര്‍ വിമത ക്യാംപില്‍; വിഡിയോയുമായി ഷിന്‍ഡെ

By Ameena Shirin s.23 06 2022

imran-azhar

മുംബൈ :  ശിവസേന നേതാവും മന്ത്രിയുമായ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തില്‍ മഹാവികാസ് അഘാഡി (ശിവസേന–എൻസിപി–കോൺഗ്രസ്) സർക്കാരിനെതിരെ ഉയർന്ന വിമത നീക്കം പരിഹരിക്കാൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇന്നു വിളിച്ച ശിവസേനാ നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കുന്നത് മകൻ ആദിത്യ താക്കറെ അടക്കം 13 പേർ മാത്രം.

 

മുംബൈയിലെ ഉദ്ധവ് താക്കറെയുടെ വസതിയിൽ യോഗം തുടരുകയാണ്. അതിനിടെ, 35 ശിവസേന എംഎൽഎമാരും 7 സ്വതന്ത്ര എംഎൽഎമാരും തനിക്കൊപ്പമുണ്ടെന്ന് വ്യക്തമാക്കുന്ന വിഡിയോ ഏക്നാഥ് ഷിൻഡെ പുറത്തുവിട്ടു. ഇന്ന് രാവിലെ മൂന്ന് ശിവസേന എംഎൽഎമാർ കൂടി വിമത ക്യാംപിൽ ചേരാൻ അസമിലെ ഗുവാഹത്തിയിലെത്തിയിരുന്നു.

 

സാവന്ത്‌വാഡിയിൽ നിന്നുള്ള ദീപക് കേശകർ, ചെമ്പൂരിൽ നിന്നുള്ള മങ്കേഷ് കുടൽക്കർ, ദാദറിൽ നിന്നുള്ള സദാ സർവങ്കർ എന്നിവരാണ് മുംബൈയിൽ നിന്ന് ഗുവാഹത്തിയിലേക്ക് വിമാനം കയറിയത്. ഇന്നലെ രാത്രി മൂന്ന് ശിവസേന എംഎൽഎമാരും ഒരു സ്വതന്ത്രനും വിമത ക്യാംപിലെത്തി.

 

ആകെ 42 എംഎൽഎമാരാണ് ഷിൻഡെയ്ക്ക് ഒപ്പമുള്ളത്. പാർട്ടി പിടിക്കാൻ ഇനി വിമത പക്ഷത്ത് ഒരു എംഎൽഎയുടെ കുറവുമാത്രമാണുള്ളത്. തന്റെ ഒപ്പമുള്ളവരുടെ പട്ടിക ഇന്ന് ഉച്ചയ്ക്ക് 2ന് പുറത്തുവിടുമെന്ന് ഷിൻഡെ പറഞ്ഞു. പാർട്ടി ചിഹ്നത്തിനായി ഷിൻഡെ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്.

 

ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമതപക്ഷം നാളെ ഗവർണർ ഭഗത് സിങ് കോഷിയാരിയെ കണ്ടേക്കും. കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലുള്ള ഗവർണർ നാളെ രാജ്ഭവനിലെത്തുമെന്നാണ് വിവരം. എന്‍സിപി മേധാവി ശരദ് പവാറിന്റെ അധ്യക്ഷതയിൽ എൻസിപി നേതാക്കളും യോഗം ചേർന്നു.

 

സർക്കാർ വീഴാനുള്ള സാഹചര്യം എൻസിപി നേതാക്കളോട് വിശദീകരിച്ച ശരദ് പവാർ, രാഷ്ട്രീയ പോരാട്ടത്തിന് ഒരുങ്ങിയിരിക്കാനും നിർദേശം നൽകി. അതിനിടെ, വിമത ക്യാംപിലെ 20 എംഎൽഎമാർ മടങ്ങിവരാൻ താൽപര്യം പ്രകടിപ്പിച്ചെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു.

 

പാർട്ടിയുടെ കരുത്ത് ചോർന്നിട്ടില്ലെന്നും റാവുത്ത് അറിയിച്ചു. അതേസമയം വിമത ശിവസേന എംഎൽഎമാരുടെ വീടുകളുടെ സുരക്ഷ കൂട്ടി. ശിവസേന പ്രവർത്തകരുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് നടപടി. മുംബൈയിൽ കൂടുതൽ സിആർപിഎഫ് സേനയെ വിന്യസിക്കും.

 

അതിനിടെ വിമത നീക്കം നടത്തിയ ഏക്നാഥ് ഷിൻഡെയെ തങ്ങളുടെ നേതാവായി പ്രഖ്യാപിച്ച് 34 വിമത ശിവസേന എംഎൽഎമാർ ഗവർണർക്ക് കത്തയച്ചു. സഖ്യം നിലനിർത്താൻ വിമത നേതാവ് ഏക്നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കണമെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ ഉദ്ധവ് താക്കറെയോട് നിർദേശിച്ചിരുന്നു.

 

എന്നാൽ, ഷിന്‍ഡെ മുഖ്യമന്ത്രിപദം നിരസിച്ചെന്നാണ് സൂചന. ബിജെപി സഖ്യം പുനഃസ്ഥാപിക്കുകയാണു ശിവസേന ചെയ്യേണ്ടതെന്ന നിലപാടിലാണ് ഷിൻഡെ.

OTHER SECTIONS