സിഗരറ്റിന്റെ ചില്ലറവിൽപ്പന നിരോധിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമായി മഹാരാഷ്ട്ര

By online desk.27 09 2020

imran-azhar

 


മുംബൈ ; മഹാരാഷ്ട്രയിൽ ഇനി സിഗരറ്റോ ബീഡിയോ മറ്റു പുകയില ഉല്പന്നങ്ങളോ ചില്ലറയായി വിൽക്കാൻ കഴിയില്ല. സിഗരറ്റ്, ബീഡിതുടങ്ങി പുകയിലഉൽപ്പന്നങ്ങളുടെ ചില്ലറ വിൽപ്പന നിരോധിച്ച രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി മാറിയിരിക്കുകയാണ് മഹാരാഷ്ട്ര . സിഗരറ്റ് വിൽപ്പന നിരോധിച്ച രാജ്യത്തെ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാംസ്ഥാനത്താണ് ഇപ്പോൾ മഹാരാഷ്ട്ര. സംസ്ഥാന പൊതുജനാരോഗ്യ വകുപ്പ് വ്യാഴാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് സിഗരറ്റ്, ബീഡി എന്നിവയുടെ ചില്ലറവിൽപ്പന നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പ്രസിദ്ധീകരിച്ചത്.

 

7-ാം വകുപ്പിലെ ഭാഗം (2) ലാണ് സിഗരറ്റിന്റെയും മറ്റ് പുകയില ഉൽപന്നങ്ങളുടെയും വാണിജ്യ, വാണിജ്യേതര ഉൽപാദനം, വിതരണം, എന്നിവയുടെ നിരോധനം ഉൾപ്പെടുത്തിയിരിക്കുന്നത്. ആരോഗ്യ വിഭാഗം പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പ്രദീപ് വ്യാസ് ആണ് വിജ്ഞാപനത്തിൽ ഒപ്പിട്ടത്. പുകവലിയുടെ ദോഷത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനായി സർക്കാർ സംഘടിപ്പിച്ച ബോധവത്ക്കരണ പരിപാടികളുടെ ഭാഗമായാണ് പുതിയ നിയമം.

 

 

 

പാക്കറ്റുകളിലല്ലാതെയുള്ള സിഗററ്റുൾപ്പെടെയുള്ള പുകയില ഉൽപ്പന്നങ്ങളുടെ ചില്ലറവിൽപ്പന സംസ്ഥാനത്ത് വർധിച്ചതാണ് ഇവ നിരോധിക്കാനുള്ള പ്രധാന കാരണം. പുകവലി ക്യാൻസറുമായും ഹൃദ്രോഗവുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്നും പുതിയ ഉത്തരവ് യുവാക്കൾക്കിടയിലെ പുകയില ഉപയോഗിക്കുന്ന ശീലം കുറയ്ക്കാൻ സഹായിക്കുമെന്നും ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിന്റെ കാൻസർ സർജൻ ഡോ. പങ്കജ് ചതുർവേദി പറഞ്ഞു.

 

'16 മുതൽ 17 വയസ്സ് വരെ പ്രായമുള്ള യുവാക്കളാണ് ഇന്ത്യയിലെ പുകയില ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. ഒരു പാക്കറ്റ് സിഗരറ്റ് മുഴുവൻ വാങ്ങാനുള്ള സാമ്പത്തിക സ്രോതസ്സുകൾ ഇല്ലാത്തതിനാൽ യുവാക്കൾ ചില്ലറയായി സിഗരറ്റുകൾ വാങ്ങുന്നു, ”അദ്ദേഹം പറഞ്ഞു. കൂടാതെ, ചില്ലറയായി സിഗരറ്റ് വാങ്ങിയ മുതിർന്നവർക്ക് ഒരിക്കലും പുകയില വസ്തുക്കൾക്ക് ഉയർന്ന നികുതിയും വിലയും ഉള്ളതായി അനുഭവപ്പെടില്ല. ആവശ്യാനുസരണം പാക്കറ്റിലല്ലാതെ എണ്ണി ഒന്നോരണ്ടോ സിഗരറ്റുകൾ വീതം ചില്ലറയായി അവർ വാങ്ങുന്നു' ഡോ. പങ്കജ് വ്യക്തമാക്കി.


“10% നികുതി വർദ്ധനവ് പുകവലിക്കാരുടെ എണ്ണത്തിൽ 8% കുറവുണ്ടാക്കുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നാൽ ഒരു സിഗരറ്റായി വാങ്ങാൻ ആളുകളെ അനുവദിക്കുകയാണെങ്കിൽ, ഉയർന്ന നികുതിയുടെ പ്രഹരം അവർക്ക് അനുഭവപ്പെടില്ല, ”ഡോ. ചതുർവേദി കൂട്ടിച്ചേർത്തു. ആഗോള പുകയില യൂത്ത് സർവേ 2016 പ്രകാരം രാജ്യത്ത് ഏറ്റവും കുറഞ്ഞ പുകവലി നിരക്ക് മഹാരാഷ്ട്രയിലാണ്.

 

 

 

OTHER SECTIONS