ബാങ്കിനെ പറ്റിച്ച മല്യ: ഇന്ത്യന്‍ ബാങ്കുകള്‍ ചട്ടം ലംഘിച്ച് വായ്പ നല്‍കിയെന്ന് വ്യക്തമെന്ന് യുകെ കോടതി

By Shyma Mohan.16 Mar, 2018

imran-azhar


    ലണ്ടന്‍: ഇന്ത്യന്‍ ബാങ്കുകളെ നിശിതമായി വിമര്‍ശിച്ച് മദ്യ രാജാവ് വിജയ് മല്യയെ ഇന്ത്യക്ക് വിട്ടുനല്‍കണമെന്ന കേസില്‍ വാദം കേട്ട യുകെ കോടതി. ചട്ടങ്ങള്‍ ലംഘിച്ചാണ് ഇന്ത്യയിലെ ബാങ്കുകള്‍ മല്യയുടെ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന് വായ്പ അനുവദിച്ചതെന്ന് കേസില്‍ ഇന്ന് വാദം കേട്ട ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയിലെ ജസ്റ്റിസ് എമ്മ അര്‍ബുദ് നോട്ട് അഭിപ്രായപ്പെട്ടു.
    വിജയ് മല്യക്കെതിരായ നിരവധി തെളിവുകള്‍ ഹാജരാക്കിയത് ചേര്‍ത്തുവെച്ചപ്പോള്‍ കേസിനെക്കുറിച്ച് മുന്‍ മാസത്തെക്കാളും കൂടുതല്‍ വ്യക്തത കൈവന്നതായും ജസ്റ്റിസ് എമ്മ അഭിപ്രായപ്പെട്ടു. കോടതിയുടെ നിരീക്ഷണത്തെ തുടര്‍ന്ന് ഇന്ത്യന്‍ അധികൃതര്‍ ബന്ധപ്പെട്ട ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടികളെക്കുറിച്ചും വിശദീകരിക്കുകയുണ്ടായി. എന്നാല്‍ അതെല്ലാം മല്യക്കെതിരെയുള്ള ഗൂഢാലോചന എന്ന നിലയിലേക്കാണ് വഴിയൊരുക്കുന്നത്.
    9000 കോടിയുടെ ബാങ്ക് വായ്പ തട്ടിപ്പും തിരിമറിയുമായി ബന്ധപ്പെട്ടാണ് 62കാരനായ മല്യക്കെതിരെ യുകെ കോടതിയില്‍ കേസ് നടക്കുന്നത്. മല്യയെ ഇന്ത്യയിലേക്ക് കൊണ്ടുവന്ന് വിചാരണക്ക് വിധേയമാക്കുവാനായിട്ടാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ നീക്കം.