കാറില്‍ വേദിക്കരികെ എത്താനായില്ല: കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ വേദിയില്‍ പോലീസ് മേധാവിയോട് ചൂടായി മമത

By Shyma Mohan.24 May, 2018

imran-azhar


    ബംഗളുരു: കര്‍ണ്ണാടക മുഖ്യമന്ത്രിയായി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പോലീസ് മേധാവിയോട് ചൂടാകുന്ന വീഡിയോ ദൃശ്യം പുറത്ത്. വഴിയില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്നതുമൂലം മമത ബാനര്‍ജിയുടെ കാറിന് വേദിക്ക് സമീപം എത്താനാവാത്തതും കാറില്‍ നിന്നിറങ്ങി നടന്ന് വേദിയിലെത്തിയതുമാണ് മമതയെ ചൊടിപ്പിച്ചത്. പോലീസിനുണ്ടായ വീഴ്ച മൂലമാണ് വാഹനങ്ങള്‍ ശരിയായ രീതിയില്‍ പാര്‍ക്ക് ചെയ്യാതിരുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് മമത സംസ്ഥാന പോലീസ് മേധാവി നീലമണി രാജുവിനോട് കോപാകുലയായി സംസാരിച്ചത്. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മായാവതി, മുഖ്യമന്ത്രിമാരായ പിണറായി വിജയന്‍, അരവിന്ദ് കെജ് രിവാള്‍, ചന്ദ്രബാബു നായിഡു, അഖിലേഷ് യാദവ്, തേജസ്വി യാദവ്, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ശരദ് പവാര്‍ തുടങ്ങി പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളെല്ലാം കൈകോര്‍ത്ത ചടങ്ങിലേക്ക് മമതയുടെ കാറിന് മാത്രമായിരുന്നില്ല തടസം സൃഷ്ടിച്ചത്. അരവിന്ദ് കെജ്‌രിവാള്‍ അടക്കമുള്ള നേതാക്കളെല്ലാം നടന്നാണ് സത്യപ്രതിജ്ഞ നടക്കുന്ന വേദിയിലെത്തിയത്.


    

OTHER SECTIONS