മക്കളെ അവഗണിച്ച് ഫേസ്ബുക്കിലും വാട്‌സ്അപ്പിലും മുഴുകിയ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊന്നു

By Shyma Mohan.17 Apr, 2018

imran-azhar


    ഗുരുഗ്രാം: ഫേസ്ബുക്ക്, വാട്‌സ്അപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ ഭൂരിപക്ഷം സമയവും ചെലവഴിച്ച ഭാര്യയെ ഭര്‍ത്താവ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. ഡല്‍ഹിക്കടുത്തുള്ള ഗുരുഗ്രാമില്‍ വ്യാഴാഴ്ച രാത്രിയിലാണ് സംഭവം അരങ്ങേറിയത്. സെക്ടര്‍ 92ലെ സറേ ഹോംസ് ഫ്‌ളാറ്റില്‍ വെച്ചാണ് 35കാരനായ ഹരിഓം ഭാര്യ ലക്ഷ്മി(32) സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ സമയം ചെലവഴിച്ച് തന്നെയും മക്കളെയും അവഗണിക്കുന്നു എന്നാരോപിച്ച് ഉറക്കത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാവിലെ ലക്ഷ്മിയുടെ പിതാവ് ബല്‍വന്ദ് സിംഗ് മകളുടെ ഫ്‌ളാറ്റില്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് മൃതദേഹത്തിനരികില്‍ ഇരുന്ന് കരയുന്ന ഹരിഓമിനെ കണ്ട് പോലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് പോലീസ് എത്തി ഹരിഓമിനെ അറസ്റ്റ് ചെയ്തു. 2006ല്‍ വിവാഹിതനായ തനിക്ക് രണ്ട് മക്കളാണുള്ളതെന്നും രണ്ടു വര്‍ഷം മുമ്പ് വരെ സന്തോഷമായി കഴിഞ്ഞിരുന്ന തങ്ങളുടെ ജീവിതം മാറ്റിമറിച്ചത് പുതുതായി വാങ്ങിയ സ്മാര്‍ട്ട് ഫോണാണെന്നും ഹരിഓം പോലീസിനോട് പറഞ്ഞു. പതിയെ പതിയെ തന്നെയും മക്കളെയും ലക്ഷ്മി അവഗണിച്ചതായും അമ്മ, ഭാര്യ എന്ന നിലയില്‍ ഒരു ശ്രദ്ധയും പുലര്‍ത്തിയില്ലെന്നും ഹരിഓം പറയുന്നു. ആദ്യമെല്ലാം ഇത് അവഗണിച്ചെങ്കിലും ലക്ഷ്മി മക്കളെ സ്‌കൂളില്‍ നിന്ന് വിളിച്ചുകൊണ്ടുവരാനോ ഭക്ഷണമുണ്ടാക്കാനോ കൂട്ടാക്കാതെ സോഷ്യല്‍ മീഡിയയില്‍ മുഴുകുകയായിരുന്നു. തുടര്‍ന്ന് പത്തും എട്ടും വയസ് പ്രായമുള്ള മക്കളെ കുരുക്ഷേത്രയിലുള്ള ബോര്‍ഡിംഗ് സ്‌കൂളിലാക്കിയെങ്കിലും കുട്ടികളുടെ അഭാവം ഭാര്യയെ ബാധിച്ചിരുന്നില്ലെന്നും ആ സമയം കൂടി ഫേസ്ബുക്കിലും വാട്‌സ്അപ്പിലും മുഴുകുകയായിരുന്നുവെന്ന് ഹരിഓം പറഞ്ഞു. വ്യാഴാഴ്ച രാത്രി ഇതേച്ചൊല്ലി വഴക്ക് നടന്നിരുന്നു. ഒടുവില്‍ സഹികെട്ടാണ് കൃത്യം ചെയ്തതെന്ന് ഹരിഓം പോലീസിനോട് കുറ്റസമ്മതം നടത്തി.