By Shyma Mohan.13 Jan, 2018
ചണ്ഡീഗഡ്: 30 ലക്ഷം രൂപയുടെ സ്വര്‍ണ്ണ മാലയണിഞ്ഞ് ചണ്ഡീഗഡ് എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ യാത്രക്കാരന് അറസ്റ്റില്‍. ദുബായില്‍ നിന്നും ചണ്ഡീഗഡ് എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ പഞ്ചാബിലെ പട്യാലയില്‍ നിന്നുള്ള ബിസിനസുകാരനെയാണ് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. 700 ഗ്രാമുള്ള സ്വര്‍ണ്ണ മാലയും 233 ഗ്രാമുള്ള കൈ ചെയിനും കൂടാതെ 116 ഗ്രാമുള്ള സ്വര്‍ണ്ണ ബിസ്ക്കറ്റും 10 ഗ്രാമുള്ള സ്വര്‍ണ്ണ നാണയവും യാത്രക്കാരന്റെ കൈവശമുണ്ടായിരുന്നു. ഗ്രീന്‍ ചാനല്‍ കടന്ന് ലഗേജ് എടുക്കുന്നതിനായി പോകുന്നതിനിടയില്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് യാത്രക്കാരനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യുന്നതിനിടയില്‍ കഴുത്തില്‍ അണിഞ്ഞിരിക്കുന്ന സ്വര്‍ണ്ണ ചെയിന്‍ ശ്രദ്ധയില്‍പെടുകയായിരുന്നു. വിന്റര്‍ വസ്ത്രങ്ങള്‍ അണിഞ്ഞായിരുന്നു ബിസിനസുകാരന് യാത്ര ചെയ്തിരുന്നത്. ഇയാള്‍ക്കെതിരെ കേസെടുക്കുകയും പിന്നീട് ജാമ്യത്തില്‍ വിടുകയുമായിരുന്നു. ദുബായില്‍ നിന്നു വരുന്ന യാത്രക്കാര്‍ സ്വര്‍ണ്ണക്കടത്ത് നടത്തുന്നതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് കസ്റ്റംസ് അധികൃതര്‍ കനത്ത നിരീക്ഷണമാണ് എയര്‍പോര്‍ട്ടുകളില്‍ നടത്തിവരുന്നത്. കസ്റ്റംസ് ചട്ടം അനുസരിച്ച് വിദേശത്ത് ആറുമാസത്തിലധികം താമസിച്ച പുരുഷന്മാര്ക്ക് 20 ഗ്രാം സ്വര്‍ണ്ണവും സ്ത്രീകള്‍ക്ക് 40 ഗ്രാം സ്വര്‍ണ്ണവും കസ്റ്റംസ് ഡ്യൂട്ടി നല്‍കാതെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ അനുമതിയുണ്ട്.