മക്ക മസ്ജിദ് സ്‌ഫോടനം: പ്രതികളെ വെറുതെ വിട്ട ജഡ്ജി രാജി വെച്ചു

By Shyma Mohan.16 Apr, 2018

imran-azhar


    ന്യൂഡല്‍ഹി: ഹൈദരാബാദിലെ മക്ക മസ്ജിദ് സ്‌ഫോടനത്തില്‍ കുറ്റാരോപിതരായ അഞ്ചുപേരെയും വെറുതെ വിട്ടുകൊണ്ടുള്ള വിധി പ്രഖ്യാപിച്ച എന്‍ഐഎ പ്രത്യേക കോടതി ജഡ്ജി രവീന്ദ്ര റെഡ്ഡി മണിക്കൂറുകള്‍ക്കകം രാജി വെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞാണ് രവീന്ദ്ര റെഡ്ഡി രാജി വെച്ചത്. ഹൈദരാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് രാജിക്കത്ത് സമര്‍പ്പിക്കുകയായിരുന്നു. സ്വാമി അസീമാനന്ദ അടക്കമുള്ള 5 പേരാണ് 2007ലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് വിചാരണ നേരിട്ടത്. സ്‌ഫോടനത്തില്‍ 9 പേര്‍ കൊല്ലപ്പെടുകയും 50ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ നടക്കുന്നതിനിടെയായിരുന്നു ഹൈദരാബാദിലെ മക്ക മസ്ജിദില്‍ 2007 മെയ് 18ന് സ്‌ഫോടനം നടന്നത്. 11 വര്‍ഷം പഴക്കമുള്ള കേസ് കോടതിയില്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)ക്ക് കുറ്റാരോപിതരായവരെ കുറ്റക്കാരെന്ന് തെളിയിക്കാന്‍ കഴിയാതെ വന്നതോടെയാണ് പ്രതികളെ വെറുതെവിട്ടത്. കേസിന്റെ ചുമതലയുണ്ടായിരുന്ന എന്‍ഐഎ ഉദ്യോഗസ്ഥ പ്രതിഭ അംബേദ്കറെ രണ്ടാഴ്ച മുന്‍പ് നീക്കം ചെയ്തിരുന്നു.