ലോക്ക് ഡൗൺ കാലത്ത് വീടുകളിൽ മരുന്നെത്തും; മലപ്പുറം ജില്ലയില്‍ സഞ്ജീവനി പദ്ധതിക്ക് തുടക്കമായി

By Akhila Vipin .10 04 2020

imran-azhar

 

മലപ്പുറം: ലോക് ഡൗണ്‍ നിലനില്‍ക്കുമ്പോള്‍ അവശ്യ മരുന്നുകള്‍ ലഭിക്കാന്‍ മലപ്പുറം ജില്ലയില്‍ ഇനി പ്രയാസമുണ്ടാവില്ല. രോഗികള്‍ക്ക് വേണ്ട മരുന്നുകള്‍ വീടുകളിലെത്തിച്ചു നല്‍കുന്ന 'സഞ്ജീവനി' പദ്ധതിക്ക് തുടക്കമായി. രോഗികളുടേയും വീട്ടിലുള്ളവരുടേയും പൊതു സമ്പര്‍ക്കം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം ആരംഭിച്ചിരിക്കുന്നത്.

 

കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന 'സഞ്ജീവനി' കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് അറിയിക്കുന്ന മരുന്നുകള്‍ ആവശ്യക്കാരുടെ വീടുകളില്‍ എത്തിക്കും. ഡ്രഗ് ഇന്‍സ്പെട്കറുടെ കാര്യാലയവും ആരോഗ്യ വിഭാഗവും പൊലീസും ഫയര്‍ ഫോഴ്സും പാലിയേറ്റീവ് വളണ്ടിയര്‍മാരും ഉള്‍പ്പെടുന്ന വിപുലമായ സംവിധാനമാണ് പെരിന്തല്‍മണ്ണ സബ് കലക്ടറുടെ നേതൃത്വത്തില്‍ ഇതിനായി പ്രവര്‍ത്തിക്കുന്നത്. ഒരു ഫാര്‍മസിസ്റ്റ്, ഡ്രഗ് ഇന്‍സ്പെക്ടര്‍ ഓഫീസ് ജീവനക്കാരന്‍, റവന്യൂ വകുപ്പിലെ രണ്ട് ജീവനക്കാര്‍, പാലിയേറ്റീവ് വളണ്ടിയര്‍മാര്‍ എന്നിവരാണ് കണ്‍ട്രോള്‍ റൂമിലുണ്ടാവുക.

 

മരുന്നുകള്‍ ആവശ്യമുള്ളവര്‍ക്ക് 6282 10 2727, 0483 2739571 എന്നീ നമ്പറുകളില്‍ വിളിച്ച് വിവരങ്ങള്‍ നല്‍കുകയോ ഡോക്ടര്‍മാര്‍ നല്‍കിയ കുറിപ്പടി ഫോട്ടോ എടുത്ത് വാട്സാപ്പ് സന്ദേശം അയക്കുകയോ ചെയ്യാം. ജില്ലയില്‍ ലഭ്യമായ മരുന്നുകള്‍ പാലിയേറ്റീവ് വളണ്ടിയര്‍മാര്‍ ശേഖരിച്ച് വീടുകളില്‍ എത്തിച്ചുകൊടുക്കും. മരുന്ന് കൈപ്പറ്റുന്നവർ ബിൽ പ്രകാരമുള്ള തുക വളണ്ടിയർമാരെ ഏൽപ്പിക്കണം. ജില്ലയ്ക്കു പുറത്തു നിന്നുള്ള മരുന്നുകള്‍ പൊലീസിന്റേയും ഫയര്‍ഫോഴ്സിന്റേയും സഹായത്തോടെയാണ് എത്തിക്കുക. എല്ലാ ദിവസവും രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം ആറ് വരെയാണ് 'സഞ്ജീവനി' കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക.

 

 

OTHER SECTIONS