തോന്നയ്ക്കലില്‍ മെഡ്സ്പാര്‍ക്ക് വരുന്നു; ശിലാസ്ഥാപനം 24ന്

By online desk .22 09 2020

imran-azhar

 

 

 

തിരുവനന്തപുരം: ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്നോളജിയും കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനും സംയുക്തമായി തോന്നയ്ക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ മെഡിക്കല്‍ ഡിവൈസസ് പാര്‍ക്ക് (മെഡ്സ്പാര്‍ക്ക്) സ്ഥാപിക്കുന്നു. ഗവേഷണം, പുതിയ ഉപകരണങ്ങള്‍ വികസിപ്പിക്കല്‍, ടെസ്റ്റിംഗ്, വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ മൂല്യനിര്‍ണ്ണയം, ഉത്പാദനത്തിന് വേണ്ട പിന്തുണ, പുത്തന്‍ സാങ്കേതികവിദ്യകള്‍ കണ്ടെത്തല്‍, വിജ്ഞാന വിനിമയം തുടങ്ങി വൈദ്യശാസ്ത്ര ഉപകരണ വിപണി ആവശ്യപ്പെടുന്ന എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കാനാണ് മെഡിക്കല്‍ ഡിവൈസസ് പാര്‍ക്കിലൂടെ ലക്ഷ്യമിടുന്നത്.

 

മെഡിക്കല്‍ ഡിവൈസസ് പാര്‍ക്കിന്റെ ശിലാസ്ഥാപന കര്‍മ്മം ഈ മാസം 24ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. മന്ത്രി ഇ.പി.ജയരാജന്‍ അദ്ധ്യക്ഷത വഹിക്കും. ഇവിടെ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്ഥാപനങ്ങള്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ കഴിയും. വൈദ്യശാസ്ത്ര ഉപകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചെറിയ കമ്പനികള്‍ക്കായിരിക്കും ഇതിന്റെ പ്രയോജനം കൂടുതലായി ലഭിക്കുക. കേരള സര്‍ക്കാര്‍, കേന്ദ്ര ശാസ്ത്ര- സാങ്കേതിക വകുപ്പ്, വിവിധ കേന്ദ്ര വകുപ്പുകള്‍, നിതി ആയോഗ് എന്നിവയുടെയും ശ്രീചിത്ര മുന്‍ പ്രസിഡന്റും സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാനുമായിരുന്ന കെ.എം.ചന്ദ്രശേഖറിന്റെയും പിന്തുണയോടെയാണ് ശ്രീചിത്ര ഈ വലിയ നേട്ടം കൈവരിച്ചിരിക്കുന്നതെന്ന് ശ്രീചിത്ര ഡയറക്ടര്‍ ഡോ.ആശാ കിഷോര്‍ പറഞ്ഞു.

 

വൈദ്യശാസ്ത്ര ഉപകരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും സ്റ്റാര്‍ട്ട്അപ്പുകള്‍ക്കും പാര്‍ക്കിലെ സൗകര്യങ്ങള്‍ പ്രയോജനപ്പെടും. പാര്‍ക്ക് യാഥാര്‍ത്ഥ്യമാവുന്നതോടെ 1200 പേര്‍ക്ക് നേരിട്ടും 4000-5000 ആളുകള്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും. വരുമാനത്തില്‍ നിന്ന് പ്രവര്‍ത്തന ചെലവ് കണ്ടെത്തുന്ന മാതൃകയിലാണ് മെഡിക്കല്‍ ഡിവൈസസ് പാര്‍ക്ക് വിഭാവനം ചെയ്തിരിക്കുന്നത്. തുടക്കത്തില്‍ ആവശ്യമായി വരുന്ന മൂലധന ചെലവുകള്‍ നിറവേറ്റാനും വരുമാനത്തിലെ കുറവ് നികത്താനും കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സഹായത്തിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 

 

 

OTHER SECTIONS