വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണം; മുന്‍കൂര്‍ ജാമ്യം തേടി മെഹ്നാസ്

By santhisenanhs.14 05 2022

imran-azhar

 

കോഴിക്കോട്: വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ ഭര്‍ത്താവ് മെഹ്നാസ് മുന്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി മെയ് 20 ന് പരിഗണിക്കും. ഇക്കാര്യം അറിയിച്ച് കോടതി പൊലീസിനോട് വിശദീകരണം തേടി. മെഹ്നാസിനെതിരെ ഇതിനകം പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. മെഹ്നാസ് വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്തായിരുന്നു നോട്ടീസ് സമര്‍പ്പിച്ചത്.

 

നേരത്തെ മൊഴിയെടുക്കാനായി അന്വേഷണ സംഘം കാസര്‍ഗോട്ടേക്ക് പോയെങ്കിലും മെഹ്നാസിനെ കാണാത്തതിനെ തുടർന്ന് മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്ത് മടങ്ങുകയായിരുന്നു. പെരുന്നാളിന് ശേഷം മെഹ്നാസ് യാത്രയിലാണെന്നാണ് വീട്ടുകാര്‍ നല്‍കിയ വിവരം. പിന്നാലെയാണ് ഇയാള്‍ക്ക് വേണ്ടി ലുക്ക്ഔട്ട് നോട്ടീസ് നല്‍കിയിരിക്കുന്നത്.

 

ആത്മഹത്യാ പ്രേരണകുറ്റമാണ് മെഹ്നാസിനെതിരെ ചുമത്തിയിരിക്കുന്നത്. റിഫയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ആന്തരികാവയവങ്ങളുടെ പരിശോധന റിപ്പോര്‍ട്ടും കൂടി ലഭിച്ച ശേഷം കൂടുതല്‍ നടപടികളിലേക്ക് അന്വേഷണ സംഘം കടക്കും.

 

മാര്‍ച്ച് ഒന്നിനാണ് റിഫയെ ദുബായിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാസര്‍ഗോഡ് സ്വദേശിയായ ഭര്‍ത്താവ് മെഹ്നാസിനൊപ്പമാണ് റിഫ താമസിച്ചിരുന്നത്. മരണത്തിന് രണ്ട് മാസം മുന്‍പ് ഭര്‍ത്താവിനും മകനുമൊപ്പം റിഫ സന്ദര്‍ശകവിസയില്‍ ദുബായില്‍ എത്തിയിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് തിരിച്ചുപോയി. പിന്നീട് ഭര്‍ത്താവ് മാത്രം യുഎഇയിലെത്തി. പിന്നാലെ മകനെ നാട്ടിലാക്കിയ ശേഷം മരിക്കുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പാണ് റിഫയും ദുബായില്‍ എത്തിയത്.

 

OTHER SECTIONS