ഗവേഷണ മികവിന്റെ വാതായനങ്ങള്‍ തുറന്ന് ഫുള്‍ബ്രൈറ്റ് ഫെല്ലോകള്‍ കുഫോസില്‍

By Raji Mejo.19 Mar, 2018

imran-azhar

 


കൊച്ചി : ലോകത്തിലെ ഏറ്റവും പ്രഗല്‍ഭരായ ശാസ്ത്രജ്ഞര്‍ക്കും ഗവേഷകര്‍ക്കും അമേരിക്കന്‍ സര്‍ക്കാര്‍ നല്‍കുന്ന ഫുള്‍ബ്രൈറ്റ് ഫെല്ലോഷിപ്പ് 2018 ല്‍ ലഭിച്ച ശാസ്ത്രജ്ഞരും ഗവേഷകരും അടങ്ങുന്ന പ്രതിഭകളുടെ 14 അംഗസംഘം കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാലയില്‍ (കുഫോസ്) സന്ദര്‍ശനം നടത്തി . എല്ലാ ചെലവും അമേരിക്കന്‍ സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി അമേരിക്കയിലെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റികളില്‍ നിന്ന് ഡോക്ടറല്‍ ബിരുദം നേടാനുള്ള അവസരം പ്രയോജനപ്പെടുത്താനായി ഫിഷറീസ് , സമുദ്ര പഠന ശാസ്ത്ര വിദ്യാര്‍ത്ഥികളെ പ്രചോദിപ്പിക്കാനായി ആണ് അവര്‍ കുഫോസിലെത്തിയത്. ലോകത്തിലെ മികച്ച ശാസ്ത്ര പ്രതിഭകള്‍ക്ക് ലഭിക്കുന്ന ഫുള്‍ബ്രൈറ്റ് ഫെല്ലോഷിപ്പ് കയ്യെത്തി പിടിക്കാന്‍ കുഫോസിലെ വിദ്യാര്‍ത്ഥികള്‍ക്കും കഴിയുമെന്ന അത്മവിശ്വാസം പകര്‍ന്ന് നല്‍കുന്നതായിരുന്നു അവര്‍ വിദ്യാര്‍ത്ഥികളുമായി നടത്തിയ ആശയവിനിമയം.ഫുള്‍ബ്രൈറ്റ് ഫൗണ്ടേഷന്റെ ഇന്ത്യയിലെ പ്രൊജക്ട് മാനേജര്‍ ലളിത നാഗേശ്വരിയുടെ നേതൃത്വത്തിലാണ് അമേരിക്കയിലെ പ്രശസ്ത യൂണിവേഴ്സിറ്റികളില്‍ നിന്ന് ഈ വര്‍ഷം ഫുള്‍ബ്രൈറ്റ് ഫെല്ലോഷിപ്പിന് തെരഞ്ഞടുക്കപ്പെട്ട ശാസ്ത്ര ഗവേഷണ പ്രതിഭകളുടെ സംഘം കുഫോസിലെത്തിയത്.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വിദ്യാഭ്യാസ രംഗത്തെ സഹകരണത്തിന്റെ ഭാഗമായി രൂപികരിച്ച ഫുള്‍ബ്രൈറ്റ് - നെഹ്രു ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷന്‍ അഡ്മിനിസ്ട്രേറ്റീവ് പ്രോഗ്രാമിന്റെ ഭാഗമാമായി ഇന്ത്യയില്‍ നിന്ന് നൂറോളം ഗവേഷകര്‍ക്ക് വര്‍ഷം തോറും ഫുള്‍ബ്രൈറ്റ് ഫെല്ലോഷിപ്പ് നല്‍കുമെന്ന് ലളിത നാഗേശ്വരി പറഞ്ഞു. കാര്‍ഷിക മേഖലയില്‍ ഉള്‍പ്പെടുത്തി ഫിഷറീസ് സയന്‍സിനും മറ്റ് ശാസ്ത്രവിഷയള്‍ക്കും ഇക്കണോമിക്സ് ഉള്‍പ്പടെയുള്ള സാമൂഹിക ശാസ്ത്ര വിഷയങ്ങളിലും ഫുള്‍ബ്രൈറ്റ് ഫെല്ലോഷിപ്പ് വരും വര്‍ഷങ്ങളില്‍ നല്‍കും. ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഗവേഷകര്‍ക്കായി ഇന്ത്യയില്‍ നിന്നുള്ള ഫുള്‍ബ്രൈറ്റിന്റെ 30 ശതമാനം സംവരണം ചെയ്തിട്ടുണ്ടെന്നും ലളിത നാഗേശ്വരി പറഞ്ഞു.

ഉച്ചയ്ക്ക് രണ്ടരയ്ക്ക് കുഫോസിലെത്തിയ അമേരിക്കന്‍ ഫുള്‍ബ്രെറ്റ് സംഘത്തെ കുഫോസ് വൈസ് ചാന്‍സലര്‍ ഡോ.എ.രാമചന്ദ്രന്റെയും രജിസ്ട്രാര്‍ ഡോ.വി.എം.വിക്ടര്‍ ജോര്‍ജിന്റെയും നേത#ത്വത്തില്‍ വിദ്യാര്‍ത്ഥികളും അധ്യാപരകും ചേര്‍ന്ന് സ്വീകരിച്ചു. അമേരിക്കന്‍ സര്‍വ്വകലാശാലകള്‍ക്ക് കുഫോസുമായി സഹകരിച്ച് പ്രവര്‍ത്തിക്കാവുന്ന മേഖലകളെക്കുറിച്ചും വിഷയങ്ങളെ കുറിച്ചും ഡോ.എ.രാമചന്ദ്രന്‍ സംഘത്തോട് വിശദീകരിച്ചു. പിന്നീടാണ് ഫുള്‍ബ്രൈറ്റ് സംഘം കുഫോസിലെ ഗവേഷണ വിദ്യാര്‍ത്ഥികളുമായി സംവദിച്ചത്.അമേരിക്കയിലെ പ്രശസ്തമായ സൗത്ത് കരോലിന, ന്യൂ ജേഴ്സി, നോഡര്‍ ദാം, കെണ്ടക്കി തുടങ്ങിയ സര്‍വ്വകലാശാലകളിലെ ശാസ്ത്ര പ്രതിഭകളും ഗവേഷകരുമാണ് കുഫോസ് സന്ദര്‍ശിച്ച ഫുള്‍ബ്രൈറ്റ് സംഘത്തിലുണ്ടായിരുന്നത്