By online desk .25 11 2020
മന്ത്രി കെ.ടി ജലീലിന് ഗവേഷണ ബിരുദം ലഭിച്ചത് ചട്ടപ്രകാരം തന്നെയെന്ന് കേരള സര്‍വകലാശാല. ആരോപണത്തെക്കുറിച്ചുളള പരാതി ഗവര്‍ണറാണ് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് കൈമാറിയത്. പിന്നാലെ വൈസ് ചാൻസലർ നടത്തിയ അന്വേഷണത്തിലാണ് ഗവേഷണ ബിരുദം ചട്ടപ്രകാരമാണ് ലഭിച്ചതെന്ന് കണ്ടെത്തിയത്. ജലീലിന്റെ പിഎച്ച്.ഡി. പ്രബന്ധത്തില്‍ മൗലിക സംഭാവനകളില്ലെന്നും വിദഗ്ധ പാനല്‍ പുനഃപരിശോധിക്കണമെന്നുമായിരുന്നു പരാതിയിൽ പറയുന്നത്.
കെ.ടി. ജലീല്‍ 2006 ലാണ് കേരള സര്‍വകലാശാലയില്‍നിന്ന് പിഎച്ച്.ഡി. ബിരുദം നേടിയത്. മലബാര്‍ കലാപത്തില്‍ ആലി മുസ്ല്യാര്‍ക്കും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കുമുള്ള പങ്കിനെക്കുറിച്ചുള്ളതായിരുന്നു പ്രബന്ധം. പ്രബന്ധത്തില്‍ ഉദ്ധരണികള്‍ മാത്രമാണുള്ളതെന്നും ജലീലിന്റേതായി ഒരു സംഭാവനയുമില്ലെന്നുമാണ് പരാതിയിലെ ആരോപണം. വ്യാകരണ പിശക് ഒരുപാടുണ്ടെന്നും സൂചിപ്പിച്ചിരുന്നു.
ജലീലിന്റെ പിഎച്ച്.ഡി. ബിരുദത്തിനെതിരെ ഗവര്‍ണര്‍ക്ക് പരാതി സമര്‍പ്പിച്ചത് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന് കമ്മിറ്റിയാണ്. ഈയിടെ മലബാര്‍ കലാപവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചയായപ്പോഴാണ് മന്ത്രിയുടെ പ്രബന്ധം ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്. അതെതുടർന്ന് വിവരാവകാശ നിയമപ്രകാരം പ്രബന്ധം പരിശോധിക്കുകയും വിദഗ്ധ സമിതി ഇതിനെക്കുറിച്ച് പഠിക്കുകയും ചെയ്തിട്ടാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്.