വെടിയുണ്ട കാണാതായ സംഭവം; അന്വേഷണം എസ്.പി. ഷാനവാസിന്റെ നേതൃത്വത്തില്‍

By online desk.19 02 2020

imran-azhar

 


തിരുവനന്തപുരം: വെടിയുണ്ട കാണാതായ സംഭവത്തില്‍ അന്വേഷണത്തിനുള്ള പ്രത്യേക സംഘം വിപുലീകരിച്ചു. ഐ.ജി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക. നിലവിലുള്ള അന്വേഷണ സംഘം വിപുലീകരിച്ചാണ് പുതിയ സംഘം രൂപീകരിച്ചിരിക്കുന്നത്. ഐ.ജി.ശ്രീജിത്തിന്റെ കീഴില്‍ എസ്.പി. ഷാനവാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. അന്വേഷണ സംഘത്തില്‍ പതിനഞ്ചോളം പേരെ ഉള്‍പ്പെടുത്തിയാണ് സംഘം വിപുലീകരിച്ചിരിക്കുന്നത്. 96 മുതല്‍ 2018 വരെയുള്ള കാലയളവിലാണ് 12,000ത്തോളം വെടിയുണ്ടകള്‍ കാണാതായത്. ഇതുസംബന്ധിച്ച് ക്രമക്കേട് ഉണ്ടെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി വ്യക്തമാക്കിയിരുന്നു.

 

എന്നാല്‍ 22 വര്‍ഷത്തെ കാലയളവിനുള്ളില്‍ സംഭവിച്ച ക്രമക്കേട് പരിശോധിക്കുന്നതിന് മതിയായ ഉദ്യോഗസ്ഥര്‍ സംഘത്തില്‍ ഇല്ല. അതുകൊണ്ടാണ് കൂടുതല്‍ പേരെ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. 96 മുതല്‍ 2018 വരെയുള്ള കാലയളവ് പല ഘട്ടങ്ങളായി തിരിച്ച് അന്വേഷണ സംഘത്തിന് കൈമാറും. കാണാതായ ദിവസം കണ്ടെത്തുക എന്നാതാണ് സംഘത്തിന്റെ പ്രധാന ലക്ഷ്യം. രേഖകള്‍ കേന്ദ്രീകരിച്ചാണ് പ്രാഥമിക അന്വേഷണം. ഒപ്പം ക്യാമ്പിലെത്തി അതാത് ദിവസം ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ മൊഴികള്‍ രേഖപ്പെടുത്തുകയും വേണം. രണ്ടുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുന്ന വിധത്തിലാണ് പുതിയ ഉദ്യോഗസ്ഥരെ കൂടി ചേര്‍ത്ത് അന്വേഷണ സംഘം വിപുലപ്പെടുത്തി ക്രൈംബ്രാഞ്ച് മേധാവി ഉത്തരവിറക്കിയിരിക്കുന്നത്.

 

നേരത്തെ പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും അന്വേഷണം മന്ദഗതിയിലായിരുന്നു. പിന്നീട് സിഎജി റിപ്പോര്‍ട്ടിലെ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് തോക്കുകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധന കാര്യക്ഷമമാക്കിയത്. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. സി.എ.ജി. റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചപോലെ കേരളാ പോലീസിന്റെ തോക്കുകളൊന്നും കാണാതായിട്ടില്ലെന്ന് പരിശോധനയ്ക്ക് ശേഷം ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. എന്നാല്‍, വെടിയുണ്ടകള്‍ കാണാതായതില്‍ ക്രമക്കേട് സംശയിക്കുന്നതായും പറഞ്ഞു.

 


ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ.തച്ചങ്കരി, ഐ.ജി. എസ്. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍സാസ് തോക്കുകള്‍ പരിശോധിച്ചാണ് തോക്കുകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന് അറിയിച്ചത്. സി.എ.ജി. റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച 660 ഇന്‍സാസ് റൈഫിളുകളില്‍ 647 എണ്ണം പേരൂര്‍ക്കട എസ്.എ.പി. ക്യാമ്പിലെത്തിച്ചാണ് പരിശോധിച്ചത്. ബാക്കി 13 തോക്കുകള്‍ മണിപ്പൂരിലെ ഇന്ത്യ റിസര്‍വ് ബറ്റാലിയനിലുണ്ടെന്നും തച്ചങ്കരി അറിയിച്ചിരുന്നു.

 

 

 

OTHER SECTIONS