വെടിയുണ്ടകള്‍ കാണാതായ സംഭവം; എസ്എപി ക്യാമ്പിലെ എസ്‌ഐ അറസ്റ്റില്‍

By online desk.27 02 2020

imran-azhar

 


തിരുവനന്തപുരം: കേരളാ പൊലീസിന്റെ കൈവശമുണ്ടായിരുന്ന വെടിയുണ്ടകള്‍ കാണാതായ കേസില്‍ നടപടി കടുപ്പിച്ച് ക്രൈംബ്രാഞ്ച്. അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്ത എസ്എപി ക്യാമ്പിലെ എസ്.ഐ റെജി ബാലചന്ദ്രന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. വെടിയുണ്ടകള്‍ കാണാതായ കേസില്‍ 11 പൊലീസുകാരെ പ്രതിയാക്കിയാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പൊലീസിന്റെ കയ്യിലുണ്ടായിരുന്ന തോക്കുകളും തിരകളും കാണാതായിട്ടുണ്ടെന്ന സിഎജി കണ്ടെത്തല്‍ വിവാദമായതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.

 

എസ്എപി ക്യാമ്പില്‍ നിന്നും 12,000ത്തിലധികം വെടിയുണ്ടകള്‍ കാണാതായെന്നാണ് സിഎജി കണ്ടെത്തല്‍. സിഎജി റിപ്പോര്‍ട്ട് ശരിവെച്ചാണ് ക്രൈംബ്രാഞ്ചിന്റെ നടപടി. വെടിയുണ്ടകളുടെ അന്വേഷണം നടക്കുമ്പോള്‍ കാണാതായ വെടുയുണ്ടകള്‍ക്കു പകരം ഡമ്മി വെടിയുണ്ടകളും എസ്എപിയുടെ ആയുധപുരയില്‍ പൊലീസുകാര്‍ കൊണ്ടുവച്ചു. വെടിയുണ്ടകളുടെയും ആയുധങ്ങളുടെയും ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് റെജി ബാലചന്ദ്രന്‍. റെജിക്ക് സംഭവത്തില്‍ ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് നടപടി എടുത്തത്. വെടിയുണ്ടകള്‍ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്‍പതാം പ്രതിയാണ് റെജി ബാലചന്ദ്രന്‍. ഇപ്പോള്‍ കേരള ആംഡ് പൊലീസ് ബറ്റാലിയന്‍- മൂന്നിലെ എസ്‌ഐയാണ്.

 

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗണ്‍മാന്‍ സനല്‍ അടക്കമുള്ളവര്‍ കേസില്‍ പ്രതികളാണ്. എസ്എപിയിലേക്ക് പൊലീസ് ചീഫ് സ്റ്റോറില്‍ നിന്നും നല്‍കിയ വെടിയുണ്ടകള്‍ നേരിട്ട് പരിശോധിക്കാനും ക്രൈം ബ്രാഞ്ച് ആലോചിക്കുന്നു. സിഎജി റിപ്പോര്‍ട്ടിലെയും ആഭ്യന്തര ഓഡിറ്റിലേയും കണക്കുകളിലും വലിയ പൊരുത്തക്കേടുണ്ട്. ഈ സാഹചര്യത്തില്‍ തോക്ക് പരിശോധിച്ച അതേ പോലെ തിരകളും പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുകയാണ്.

 

 

 

 

OTHER SECTIONS